ആറളം ഫാം പുനരധിവാസ മേഖലയിലും സമീപ പ്രദേശങ്ങളിലും ജനങ്ങളുടെ ജീവനും സ്വത്തിനും കനത്ത ഭീഷണിയായി മാറിയ മോഴയാനയെ മയക്കുവെടിവച്ചു പിടികൂടാനുള്ള ഓപ്പറേഷൻ കണ്ണൂർ മഖ്ന (കെഎം1) ദൗത്യം നിർണായക ഘട്ടത്തിലേക്ക് കടന്നു. പിടികൂടുന്ന ആനയെ താൽക്കാലികമായി പാർപ്പിക്കുന്നതിനായി വയനാട് മുത്തങ്ങയിൽ ഒരുക്കുന്ന ആനക്കൊട്ടിലിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്.
രണ്ട് ദിവസത്തിനകം കൂടിന്റെ പണികൾ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. ഇതിനൊപ്പം കുങ്കിയാനകളെ ആറളത്ത് എത്തിക്കാനുള്ള സജ്ജീകരണങ്ങളും വനംവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.
രണ്ട് മാസം മുൻപാണ് കണ്ണൂർ മഖ്ന എന്ന മോഴയാനയെ മയക്കുവെടിവച്ചു പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു സുരക്ഷിത വനമേഖലയിലേക്കു മാറ്റാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. വനംവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ച് നിരീക്ഷണം ശക്തമാക്കിയെങ്കിലും, മോഴയുടെ സാന്നിധ്യം കൃത്യമായി സ്ഥിരീകരിക്കുന്നതിലും പ്രതികൂല കാലാവസ്ഥ മൂലം ആവശ്യമായ യൂക്കാലിപ്റ്റസ് മരങ്ങൾ മുറിച്ചു മാറ്റുന്നതിലും നേരിട്ട
തടസ്സങ്ങൾ ദൗത്യത്തിന് കാലതാമസം ഉണ്ടാക്കി. നിലവിൽ മയക്കുവെടി വെക്കേണ്ട
മോഴ ആറളം വന്യജീവി സങ്കേതത്തിനുള്ളിൽ തന്നെയുണ്ടെന്നാണ് വനംവകുപ്പിന്റെ നിരീക്ഷണം. ഫാമിലേക്കു ആന ഇറങ്ങുന്നതിനു മുൻപ് കുങ്കിയാനകളെ അവിടെ എത്തിക്കാനാണ് തീരുമാനം.
കുങ്കിയാനകളുടെ സാന്നിധ്യവും ഗന്ധവും തിരിച്ചറിഞ്ഞാൽ കെഎം 1 ഫാമിലേക്കു കടക്കാതിരിക്കാനുള്ള സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് കുങ്കിയാനകളെ എത്തിക്കുന്ന സമയം ക്രമീകരിച്ചിരിക്കുന്നത്.
ആനക്കൊട്ടിൽ നിർമാണത്തിനായി വയനാട് വനമേഖലയിൽ നിന്നു ആവശ്യമായ മരങ്ങൾ മുറിക്കുന്ന പ്രവൃത്തി പൂർത്തിയായി. ട്രാക്ടർ ഉപയോഗിച്ച് മുത്തങ്ങയിലെ ആനക്യാംപിൽ കണ്ടെത്തിയ സ്ഥലത്തേക്ക് മരങ്ങൾ എത്തിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
ഈ നിർമാണ പ്രവർത്തനങ്ങൾക്കും കുങ്കിയാനകളുടെ സേവനം തേടുന്നുണ്ട്. രാപ്പകല ഭേദമില്ലാതെ നടക്കുന്ന നിർമാണങ്ങൾ പൂർത്തിയാകുന്നതോടെ കുങ്കിയാനകളെ പൂർണമായും ആറളത്തെത്തിക്കും.
ആനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു ഉറപ്പാക്കിയ ശേഷമാകും അടുത്ത ഘട്ടത്തിലേക്ക് കടക്കുക. വനം നോർത്തേൺ സർക്കിൾ വെറ്ററിനറി സർജൻ ഡോ.
ഇല്യാസ് റാവുത്തർ, കൊട്ടിയൂർ റേഞ്ചർ ടി.നിധിൻരാജ്, ആർആർടി ഡപ്യൂട്ടി റേഞ്ചർ രാജേഷ് പട്ടേരി എന്നിവരുടെ നേതൃത്വത്തിലാണ് ആനയെ നിരീക്ഷിക്കുന്നത്. മയക്കുവെടിവച്ചു പിടികൂടി ആനക്കൊട്ടിലിലേക്ക് മാറ്റുന്ന ആനയെ ദിവസങ്ങളോളം ആരോഗ്യ പരിശോധനകൾക്ക് വിധേയമാക്കും.
തുടർന്ന് വയനാട് വനമേഖലയിൽ റേഡിയോ കോളർ ഘടിപ്പിച്ച് തുറന്നുവിടാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. ആറളത്ത് വെച്ചുതന്നെ മയക്കുവെടിയേൽക്കുന്ന മോഴയാനയ്ക്ക് ആവശ്യമായ പരിശോധനകൾ നടത്തി, മയക്കം വിടുന്നതിന് മുൻപ് തന്നെ മുത്തങ്ങ എലിഫന്റ് ക്യാംപിൽ പ്രത്യേകം തയാറാക്കുന്ന ആനക്കൊട്ടിലിലേക്ക് മാറ്റും.
ഇതിനായി ഒരേ വണ്ണത്തിലും നീളത്തിലുമുള്ള 110 യൂക്കാലിപ്റ്റസ് മരങ്ങൾ ഉപയോഗിച്ചാണ് കൂട് നിർമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

