ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിലെ എബിവിപിയുടെ വിജയത്തിന് പിന്നാലെ പ്രതിപക്ഷത്തിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് കോക്റോച്ച് ജനത പാർട്ടി (സിജെപി) രംഗത്തെത്തി. ഭൂരിപക്ഷം വിദ്യാർത്ഥികളും ഭരണകൂടത്തിന് വിരുദ്ധരാണെങ്കിലും അവർ ഭിന്നിച്ചു നിൽക്കുകയാണെന്ന് സിജെപി കോ കൺവീനർ സൗരവ് ദാസ് വ്യക്തമാക്കി.
ഈ രീതിയിലുള്ള പ്രതിപക്ഷ ഐക്യമാണ് തുടരുന്നതെങ്കിൽ ഭാവിയിലും പ്രതിപക്ഷത്ത് തന്നെ തുടരേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡിഎസ്യുടി തെരഞ്ഞെടുപ്പിലെ ഫലങ്ങൾ വിലയിരുത്തിക്കൊണ്ട് സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
“ഭൂരിപക്ഷം വിദ്യാർത്ഥികളും നിലവിലെ ഭരണപക്ഷത്തിന് എതിരാണ്. എന്നാൽ അവർ ഭിന്നിച്ചു നിൽക്കുന്നത് കൊണ്ട് അതിന്റെ ലാഭം ഭരണപക്ഷത്തിന് ലഭിക്കുന്നു.
എങ്കിലും ഇതിലൊരു പ്രതീക്ഷയുടെ കിരണമുണ്ട്. പദവികൾ നേടിയവർ തങ്ങൾ രാജാക്കന്മാരോ രാജ്ഞിമാരോ അല്ലെന്ന് ഓർക്കണം.
ഭൂരിപക്ഷം പേരും അവർക്ക് വോട്ട് ചെയ്തിട്ടില്ല” – സൗരവ് ദാസ് പറഞ്ഞു. സിജെപിയെ ലക്ഷ്യമിടുന്നതിന് പകരം കോൺഗ്രസും അതിന്റെ സംഘടനാ സംവിധാനങ്ങളും സ്വന്തം പാളയത്തിലെ വീഴ്ചകൾ പരിഹരിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം തിരുത്തൽ നടപടികൾ തുടങ്ങിയിട്ട് 12 വർഷമായിട്ടും ഫലമുണ്ടായിട്ടില്ലെന്നും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻഎസ്യുഐ ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച വിമത സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇത് വ്യക്തമാണെന്നും സൗരവ് ദാസ് കൂട്ടിച്ചേർത്തു.
ഇടതുപക്ഷ ഐക്യത്തിലെ ചില ഘടകങ്ങൾ ആശയപരമായ ശുദ്ധിക്കായി അമിതമായി വാശിപിടിക്കുകയാണെന്നും യാഥാർത്ഥ്യം ഉൾക്കൊണ്ട് അവർ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആരും തങ്ങളുടെ അംഗീകാരത്തിനായി വരിനിൽക്കില്ലെന്ന് മനസ്സിലാക്കണമെന്നും ഇതാണ് പ്രതിപക്ഷ ഐക്യമെങ്കിൽ വരും നാളുകളിലും പ്രതിപക്ഷ നിരയിൽ തന്നെ ഇരിക്കേണ്ടി വരുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് എബിവിപി സ്വന്തമാക്കിയത്. പ്രസിഡന്റ്, സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി എന്നീ പ്രധാന പദവികൾ എബിവിപി പിടിച്ചെടുത്തു.
പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന കടുത്ത മത്സരത്തിൽ എബിവിപിയുടെ യഷ് ദബാസ് 2,053 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൻഎസ്യുഐ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപിയുടെ റിയ ഛൗഡി 6,781 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം നേടി.
ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപിയുടെ ലക്ഷ്യ രാജ് സിംഗ് 837 വോട്ടുകൾക്കാണ് വിജയിച്ചത്. അതേസമയം, സീറ്റ് നൽകാത്തതിനെ തുടർന്ന് എൻഎസ്യുഐ വിട്ട് സ്വതന്ത്രനായി മത്സരിച്ച ദീപാൻഷു ഷൗകീൻ 13,705 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്.
എൻഎസ്യുഐയോടൊപ്പം ഐസ – എസ്എഫ്ഐ സഖ്യവും തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും പരാജയപ്പെട്ടു. എബിവിപിയുടെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് ബിജെപിയും രംഗത്തെത്തി.
രാജ്യത്തെ വിദ്യാർത്ഥികൾ വികസിത ഇന്ത്യയ്ക്കായി വോട്ട് ചെയ്തുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പ്രതികരിച്ചു. എന്നാൽ സർവകലാശാല അധികൃതർ എബിവിപിയെ സഹായിച്ചുവെന്ന ഗുരുതര ആരോപണവുമായി എൻഎസ്യുഐ രംഗത്ത് വന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

