സന്ധിമാറ്റിവയ്ക്കൽ ചികിത്സാ രംഗത്തെ നവീന സാങ്കേതികവിദ്യകളും മാറ്റങ്ങളും ചർച്ച ചെയ്യുന്ന രണ്ടാം ദേശീയ സമ്മേളനമായ പ്ലസ് ഓർത്തോ സമ്മിറ്റ് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ആരംഭിച്ചു. ഇന്ത്യയ്ക്കും പുറത്തുനിന്നുമുള്ള പ്രമുഖ ജോയിന്റ് റീപ്ലേസ്മെന്റ് വിദഗ്ധർ പങ്കെടുക്കുന്ന ദ്വിദിന സമ്മേളനം, ഇടുപ്പ്, കാൽമുട്ട് സന്ധികളുടെ ചികിത്സ കൂടുതൽ കൃത്യതയോടെയും രോഗിക്ക് അനുയോജ്യമായ രീതിയിലും ലഭ്യമാക്കാനുള്ള നൂതന മാർഗങ്ങളാണ് വിലയിരുത്തുന്നത്.
റോബോട്ടിക്സ്, സെറാമിക്സ് ഉൾപ്പെടെയുള്ള പുതിയ ഇംപ്ലാന്റ് വസ്തുക്കൾ, ആധുനിക ശസ്ത്രക്രിയാ രീതികൾ, ബയോളജിക്സ് എന്നിവയാണ് ചർച്ചാവിഷയങ്ങൾ. പ്രമുഖ കാൽമുട്ട് ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.
വിജയ മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ രോഗിയുടെ സ്വന്തം അസ്ഥി പരമാവധി സംരക്ഷിക്കുന്നതിനാണ് നിലവിൽ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തെ മാറ്റിവച്ച സന്ധിക്ക് ചുറ്റും പിന്നീട് ഒടിവുണ്ടാകുന്ന ചില രോഗികളിൽ, പുനസ്ഥാപന രീതികളും കൃത്യമായ ശസ്ത്രക്രിയാ ആസൂത്രണവും ഉപയോഗിച്ച് നിലവിലുള്ള ഇംപ്ലാന്റ് നിലനിർത്താനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. വലിയ പുനർനിർമാണ ശസ്ത്രക്രിയകൾ ഒഴിവാക്കാൻ ഇത് സഹായകരമാകും.
കേടുവന്ന സന്ധി മാറ്റിസ്ഥാപിക്കുക എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ഇന്നത്തെ ജോയിന്റ് റീപ്ലേസ്മെന്റ് എന്ന് ഡോ. വിജയ മോഹൻ പറഞ്ഞു.
സന്ധിയുടെ പ്രവർത്തനം കൃത്യമായി വീണ്ടെടുക്കുക, രോഗിയുടെ അസ്ഥി പരമാവധി സംരക്ഷിക്കുക, ഇംപ്ലാന്റിന്റെ ആയുസ്സ് വർധിപ്പിക്കുക എന്നിവയ്ക്കാണ് മുൻഗണന. നാവിഗേഷനും മെച്ചപ്പെട്ട
ഇംപ്ലാന്റുകളും ശസ്ത്രക്രിയയുടെ കൃത്യത വർധിപ്പിക്കുന്നുണ്ടെങ്കിലും, രോഗിക്ക് ലഭിക്കുന്ന മെച്ചപ്പെട്ട ഫലമാണ് സാങ്കേതികവിദ്യയുടെ യഥാർത്ഥ അളവുകോലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃത്രിമ സന്ധികളുമായി ദീർഘകാലം ജീവിക്കുന്നവരുടെ എണ്ണം വർധിക്കുന്നതോടെ റിവിഷൻ ശസ്ത്രക്രിയകൾ സുപ്രധാനവും ഒപ്പം സങ്കീർണ്ണതയേറിയതുമായി മാറുന്നുണ്ടെന്ന് എമിരിറ്റസ് കോ-ചെയർമാൻ ഡോ. ഗുരവ റെഡ്ഡി അഭിപ്രായപ്പെട്ടു.
നേരത്തെ നടത്തിയ കാൽമുട്ട് അല്ലെങ്കിൽ ഇടുപ്പ് സന്ധിമാറ്റിവയ്ക്കലിൽ പ്രശ്നങ്ങൾ നേരിടുന്ന രോഗികളിൽ അസ്ഥിയുടെ വലിയ നഷ്ടം, സന്ധിയുടെ അസ്ഥിരത, ഇംപ്ലാന്റിന് ചുറ്റുമുള്ള ഒടിവുകൾ തുടങ്ങിയ സങ്കീർണ പ്രശ്നങ്ങൾ പരിഹരിക്കേണ്ടിവരാറുണ്ട്. പുതിയ പുനർനിർമാണ രീതികളും ഇംപ്ലാന്റുകളും ഇത്തരം രോഗികൾക്കും മികച്ച ചികിത്സാ സാധ്യതകൾ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കസ്റ്റമൈസ്ഡ് ഓർത്തോബയോളജിക്സ്, നാവിഗേഷൻ, പുതിയ ഇംപ്ലാന്റ് വസ്തുക്കൾ എന്നിവ ഓരോ രോഗിയുടെയും വ്യക്തിഗത ചികിത്സയ്ക്ക് വഴിയൊരുക്കുന്നതായി അന്താരാഷ്ട്ര ഫാക്കൽറ്റിയായ പ്രൊഫ. മൈക്കൽ വാഗ്നർ വ്യക്തമാക്കി.
സാങ്കേതികവിദ്യ എത്രത്തോളം പുതിയതാണ് എന്നതിലല്ല, മറിച്ച് രോഗിയുടെ സന്ധിയുടെ പ്രവർത്തനവും ഇംപ്ലാന്റിന്റെ ദീർഘകാല നിലനിൽപ്പും ജീവിതനിലവാരവും താങ്ങാവുന്ന ചെലവിൽ മെച്ചപ്പെടുത്താൻ അതിന് കഴിയുന്നുണ്ടോ എന്നതാണ് യഥാർത്ഥ മാനദണ്ഡമെന്ന് അദ്ദേഹം വിലയിരുത്തി. ആദ്യ ദിവസത്തെ സയന്റിഫിക് സെഷനുകളിൽ സങ്കീർണമായ കാൽമുട്ട് സന്ധിമാറ്റിവയ്ക്കൽ, ചികിത്സയിലെ കൃത്യത, റിവിഷൻ ശസ്ത്രക്രിയയിലെ അസ്ഥിനഷ്ടം, നിലവിലുള്ള ഇംപ്ലാന്റിന് ചുറ്റുമുണ്ടാകുന്ന ഒടിവുകളുടെ ചികിത്സ എന്നിവ വിശദമായി ചർച്ച ചെയ്തു.
ഇതിനുപുറമേ, സങ്കീർണമായ കൈമുട്ട്, തോളെല്ല് ശസ്ത്രക്രിയകളും ഷോൾഡർ റീപ്ലേസ്മെന്റിലെ പുതിയ സമീപനങ്ങളും വിദഗ്ധർ അവലോകനം ചെയ്തു. ഞായറാഴ്ച നടക്കുന്ന സെഷനുകളിൽ ബയോളജിക്സ്, കാർട്ടിലേജ് പുനരുദ്ധാരണം, ഇടുപ്പ് സന്ധിയുടെ പ്രാഥമിക-റിവിഷൻ ശസ്ത്രക്രിയകൾ, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ജോയിന്റ് റീപ്ലേസ്മെന്റ്, പുതിയ ഇംപ്ലാന്റ് വസ്തുക്കൾ എന്നിവ ചർച്ച ചെയ്യും.
കാൽമുട്ട്, ഇടുപ്പ് സന്ധിമാറ്റിവയ്ക്കലിലെ നാവിഗേഷൻ, ഷോർട്ട്-സ്റ്റെം ഹിപ് ഇംപ്ലാന്റുകൾ, സെറാമിക്സ്, കൃത്രിമ സന്ധികൾക്ക് ചുറ്റുമുള്ള സങ്കീർണ ഒടിവുകൾ എന്നിവയ്ക്കായും പ്രത്യേക സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. ജർമനി, ഇറ്റലി, സാൻ മറീനോ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര ഫാക്കൽറ്റിക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൻപതിലധികം വിദഗ്ധരാണ് ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

