മലയാള സിനിമാലോകത്ത് ചർച്ചകൾക്ക് തിരികൊളുത്തിയ 2017ലെ കസബ വിവാദം സിനിമാപ്രേമികൾക്കിടയിൽ ഇന്നും സജീവമായ ഓർമ്മയാണ്. കേരള രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് നടി പാർവതി തിരുവോത്ത് മമ്മൂട്ടി ചിത്രമായ ‘കസബ’യിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് വേദിയിൽ തുറന്നടിച്ചത്.
തുടക്കത്തിൽ സിനിമയുടെ പേര് പരാമർശിച്ചില്ലെങ്കിലും സുഹൃത്തും സംവിധായികയുമായ ഗീതു മോഹൻദാസിൻ്റെ നിർബന്ധപ്രകാരം ചിത്രത്തിൻ്റെ പേര് വെളിപ്പെടുത്തുകയായിരുന്നു. ചിത്രത്തിലെ നായക കഥാപാത്രം സ്ത്രീകളോട് അപമര്യാദയായി സംസാരിക്കുന്നതും മോശമായ രീതിയിൽ പെരുമാറുന്നതും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്നായിരുന്നു നടി ചൂണ്ടിക്കാണിച്ചത്.
എന്നാൽ ഈ വിമർശനത്തിന് പിന്നാലെ സമാനതകളില്ലാത്ത സൈബർ ആക്രമണമാണ് നടിക്ക് നേരിടേണ്ടി വന്നത്. സിനിമയിലെ നിലപാടുകളുടെ പേരിൽ കടുത്ത വ്യക്തിഹത്യയും കൊലവിളിയും ബലാത്സംഗ ഭീഷണിയുമടക്കമുള്ള ദുരനുഭവങ്ങൾ 2017 ഡിസംബറിലാണ് ഉണ്ടായത്.
ഇതിന് തൊട്ടുപിന്നാലെ 2018 ഫെബ്രുവരിയിൽ ‘ടേക്ക് ഓഫ്’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പാർവതിക്ക് ലഭിച്ചു. അവാർഡ് സ്വീകരിക്കാൻ വേദിയിലേക്ക് എത്തിയ താരത്തെ കാണികൾ കൂകിവിളിച്ചാണ് വരവേറ്റത്.
അന്നത്തെ ആ ദുരനുഭവത്തെക്കുറിച്ച് പിന്നീട് സംസാരിച്ച നടി, ‘ആ ഏഴു മിനിറ്റ് തനിക്ക് ഏഴു വർഷമായി തോന്നി’ എന്നാണ് വ്യക്തമാക്കിയത്. ജനക്കൂട്ടത്തിന്റെ കൂകിവിളികളും സിനിമാലോകത്തെ പലരുടെയും മാറ്റിനിർത്തലുകളും ഉണ്ടായെങ്കിലും, അന്ന് താൻ നടത്തിയ പരാമർശങ്ങളിൽ ഇനിയും ഖേദമില്ലെന്നും തിരുത്തിപ്പറയാൻ ആഗ്രഹമില്ലെന്നും അവർ ഉറപ്പിച്ചു പറയുന്നു.
സോഷ്യൽ മീഡിയയിൽ പാർവതിയുടെ മുഖം കാണുന്നിടത്തൊക്കെ കടുത്ത അസഭ്യ വർഷങ്ങളും അധിക്ഷേപങ്ങളുമാണ് ഉയർന്നത്. വിമർശകരെ നേരിടാൻ ‘ഫെമിനിച്ചി’ എന്നൊരു വാക്ക് തന്നെ സമൂഹമാധ്യമങ്ങളിൽ ചിലർ രൂപപ്പെടുത്തി.
എന്നാൽ ഈ ആക്ഷേപങ്ങളെയും പാർവതി നേരിട്ടത് ഏറെ തിളക്കത്തോടെയാണ്. ‘ഫെമിനിച്ചി’ എന്ന് എംബ്രോയിഡറി ചെയ്ത പെഴ്സുമായി പൊതുവേദിയിലെത്തിയ താരം ഏവരുടെയും ശ്രദ്ധനേടി.
റിമ കല്ലിങ്കൽ ഉൾപ്പെടെയുള്ള മലയാള സിനിമയിലെ മറ്റ് ചില സഹപ്രവർത്തകരും അഭിമാനത്തോടെ ഫെമിനിസ്റ്റ് ബാഡ്ജ് ധരിച്ച് എതിരാളികൾ ഉപയോഗിച്ച വാക്കിൻ്റെ അർത്ഥം തിരിച്ചുപിടിക്കുകയാണുണ്ടായത്. 2015ലാണ് തന്റെ പേരിനു പിന്നിലെ ജാതിപ്പേര് ഔദ്യോഗിക രേഖകളിൽ അടക്കം ഒഴിവാക്കുന്നതായി പാർവതി പ്രഖ്യാപിച്ചത്.
തുടർന്ന് 2017ലെ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ നീതിക്കുവേണ്ടി ശബ്ദമുയർത്തിയ മുൻനിര നായകരിൽ ഒരാളായി പാർവതി മാറി.
തൊഴിലിടങ്ങളിലെ അനീതികളെയും ചൂഷണങ്ങളെയും കുറിച്ച് ശക്തമായി പ്രതികരിച്ച ‘വുമൺ ഇൻ സിനിമ കളക്ടീവ്’ (WCC) രൂപീകരണത്തിലും താരം മുൻനിരയിലുണ്ടായിരുന്നു. ഇത് പലപ്പോഴും സിനിമയിൽ തൊഴിൽ നിഷേധത്തിന് പോലും കാരണമായി.
ഒടുവിൽ 2020ൽ മലയാള സിനിമയിലെ പ്രമുഖ താരസംഘടനയായ ‘AMMA’യിൽ നിന്ന് പാർവതി രാജിവെച്ചു. നടി ആക്രമിക്കപ്പെട്ട
സംഭവത്തെ തുടർന്ന് WCCയുടെ നിരന്തരമായ ഇടപെടലുകളിലൂടെയാണ് സിനിമാമേഖലയിലെ സ്ത്രീകളുടെ സുരക്ഷയും ലിംഗസമത്വവും പഠിക്കാൻ ഹേമ കമ്മറ്റി രൂപീകരിക്കപ്പെടുന്നത്. സിനിമയിലെ പവർ ഗ്രൂപ്പുകൾക്കും കാസ്റ്റിങ് കൗച്ചിനും ഇരട്ടത്താപ്പുകൾക്കുമെതിരെ നിരന്തരം ശബ്ദമുയർത്താൻ പാർവതി തിരുവോത്ത് കാണിച്ച ആർജ്ജവം വലുതാണ്.
താൻ നേരിട്ട സൈബർ ആക്രമണങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും പിന്നിൽ വരുംതലമുറയ്ക്കായുള്ള കരുത്തുണ്ടെന്ന് അവർ വ്യക്തമാക്കുന്നു.
സമാനപ്രായക്കാരായ അഭിനേതാക്കളിൽ ഏറ്റവും അഭിനയശേഷിയുള്ള നടിയായി പേരെടുത്തിട്ടും പലപ്പോഴും അർഹമായ പരിഗണനകൾ പോലും സിനിമയിൽ നിഷേധിക്കപ്പെട്ടു. ഏറ്റവും വലിയ താരസംഘടനയുടെ ഭാഗമാകാതെ ആറ് വർഷത്തോളം പിടിച്ചുനിന്ന തനിക്ക് ആ സംവിധാനത്തിലേക്ക് ഇനി തിരിച്ചുപോക്കില്ലെന്ന് നടി അടുത്തിടെ വ്യക്തമാക്കിയിരുന്നു.
2021ൽ ലൈംഗിക അതിക്രമ ആരോപണം നേരിട്ട റാപ്പർ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക് ചെയ്തതുമായി ബന്ധപ്പെട്ട് വീണ്ടും സൈബർ ആക്രമണങ്ങൾ ഉണ്ടായി.
ആ ലൈക് പിൻവലിച്ച് പരസ്യമായി മാപ്പ് പറഞ്ഞിട്ടും ആക്രമണങ്ങൾ അവസാനിച്ചില്ല. ഇത്തരം ആക്രമണങ്ങൾ പുതിയതല്ലെന്നും ഇതിന്റെയൊക്കെ പിന്നിൽ തന്നോട് കടുത്ത വിദ്വേഷമുള്ളവരാണെന്നും വ്യക്തമാക്കിയ താരം, കൂടുതൽ മെച്ചപ്പെട്ട
വ്യക്തിയായി സ്വയം മാറുന്നതിൽ ലജ്ജയില്ലെന്ന് തുറന്നടിച്ചു. ഏറ്റവും ഒടുവിൽ ‘ടോക്സിക്’ എന്ന ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലും പാർവതിയുടെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കപ്പെട്ടു.
മലയാള സിനിമയിൽ പാർവതി തിരുവോത്തോണം ഒറ്റപ്പെടുത്തലുകളും ഹേമ കമ്മറ്റിക്ക് സമാനമായ നിരന്തരമായ വിദ്വേഷ പ്രചാരണങ്ങളും അതിജീവിച്ച മറ്റൊരു നടിയുണ്ടാവില്ല. രാഷ്ട്രീയമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയതിന്റെ പേരിൽ പല താരങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കിലും, കഴിഞ്ഞ ഒരു പത്തുകൊല്ലമായി പാർവതി നേരിട്ട
അവഗണനകളും കുറ്റപ്പെടുത്തലുകളും ചെറുതല്ല. തന്റെ അഭിനയമികവും പോരാട്ടവീര്യവും കൊണ്ടാണ് അവയെല്ലാം താരം നേരിട്ടത്.
‘പുഴു’, ‘ഉള്ളൊഴുക്ക്’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ മലയാളത്തിൽ എടുത്തുപറയേണ്ടതാണ്. ഇതിനോടൊപ്പം തമിഴിലും ഹിന്ദിയിലും മികച്ച കഥാപാത്രങ്ങളുമായി തന്റെ കരിയർ വിപുലമാക്കുകയാണ് താരം.
തൻ്റെ 20 വർഷത്തെ കരിയറിൽ നാൽപ്പതോളം സിനിമകളിൽ മാത്രമാണ് പാർവതി അഭിനയിച്ചിട്ടുള്ളത്. 2015ലും 2017ലും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരങ്ങളും 2017ലെ ദേശീയ പുരസ്കാരത്തിൽ പ്രത്യേക പരാമർശവും താരം നേടിയിട്ടുണ്ട്.
തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ പൂർണ്ണമായും ഒരു പാർവതി ചിത്രമാണ്. മലയാള സിനിമയിൽ രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കുന്ന നടിയുടെ ആദ്യ സോളോ ഹിറ്റിലേക്കാണ് ചിത്രം മുന്നേറുന്നത്.
അഭിനയപാടവം കൊണ്ടും കൃത്യമായ നിലപാടുകൾ കൊണ്ടും മലയാളികളെ വിസ്മയിപ്പിച്ച പാർവതി തിരുവോത്ത്, ഇനി സംവിധായികയായി അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. തൻ്റെ വാക്കുകളിലെ വ്യക്തത പോലെ തന്നെ രാഷ്ട്രീയ ബോധ്യമുള്ളതായിരിക്കും തന്റെ സിനിമയെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
ആ സംവിധായക അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

