ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) തുക കൂടുതലായി പിടിക്കാൻ തുടങ്ങുന്നതോടെ കയ്യിൽ ലഭിക്കുന്ന തുകയിൽ വ്യത്യാസം വന്നുതുടങ്ങിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ശമ്പള പരിധി ഉയർത്തിയ പശ്ചാത്തലത്തിലാണ് ഈ മാറ്റം.
എന്നാൽ കൃത്യമായി എന്തെല്ലാമാണ് ഈ സമ്പാദ്യ പദ്ധതിയുടെ രീതികൾ എന്നും ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നും പരിശോധിക്കാം. ഇപിഎഫും പിപിഎഫും: രണ്ട് വ്യത്യസ്ത പദ്ധതികൾ ജീവനക്കാരുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന നിർബന്ധിത സമ്പാദ്യ പദ്ധതിയാണ് പ്രൊവിഡന്റ് ഫണ്ട്.
ജോലി ചെയ്യുന്ന കാലയളവിൽ ഓരോ മാസവും ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് ഒരു നിശ്ചിത തുക ഇതിലേക്ക് മാറ്റിവെക്കുകയും, ഇതിന് സർക്കാർ പലിശ നൽകുകയും ചെയ്യുന്നു. വിരമിക്കുമ്പോഴോ അത്യാവശ്യ ഘട്ടങ്ങളിലോ ഈ തുക പിൻവലിക്കാൻ സാധിക്കും.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) എന്നിങ്ങനെ രണ്ടു തരത്തിലാണ് പ്രൊവിഡന്റ് ഫണ്ട് ഉള്ളത്. കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കുള്ളതാണ് ഇപിഎഫ്.
ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം തുക പിഎഫിലേക്ക് പിടിക്കുമ്പോൾ തൊഴിലുടമയും തുല്യമായ 12 ശതമാനം തുക അടയ്ക്കുന്നു. ഇതിന്റെ 3.67 ശതമാനം ഇപിഎഫിലേക്കും 8.33 ശതമാനം ജീവനക്കാരന്റെ പെൻഷൻ ഫണ്ടിലേക്കും (ഇപിഎസ്) പോകും.
ഇതിനുപുറമേ പെൻഷൻ ഫണ്ടിലേക്ക് കേന്ദ്ര സർക്കാർ 1.16 ശതമാനം വിഹിതമായി നൽകുന്നുണ്ട്. 58 വയസ്സ് തികയുമ്പോൾ ജീവനക്കാരന് പ്രതിമാസ പെൻഷൻ ലഭിക്കാൻ ഇത് സഹായിക്കുന്നു.
ചികിത്സ, വീട് നിർമാണം, മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കായി നിബന്ധനകൾക്ക് വിധേയമായി പണം ഭാഗികമായി പിൻവലിക്കാനുള്ള അവസരവുമുണ്ട്. ആദായനികുതി നിയമത്തിലെ 80 സി വകുപ്പ് പ്രകാരം പിഎഫ് നിക്ഷേപങ്ങൾക്ക് നികുതി ഇളവ് ലഭിക്കും.
ജോലിയിലിരിക്കെ ജീവനക്കാരൻ മരിച്ചാൽ കുടുംബത്തിന് സാമ്പത്തിക സഹായം (പരമാവധി 7 ലക്ഷം രൂപ വരെ) ഉറപ്പാക്കുന്ന സൗജന്യ ഇൻഷുറൻസ് പരിരക്ഷയും (ഇഡിഎൽഐ) നൽകുന്നുണ്ട്. അതേസമയം, സ്വയം തൊഴിൽ ചെയ്യുന്നവർക്കും അസംഘടിത മേഖലയിലുള്ളവർക്കും സാധാരണക്കാർക്കും ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫിസ് വഴി തുടങ്ങാവുന്ന സമ്പാദ്യ പദ്ധതിയാണ് പിപിഎഫ്.
ഇതിൽ സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 500 രൂപ മുതൽ പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഇപിഎഫ്ഒ നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാരിന്റെ തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അഥവാ ഇപിഎഫ്ഒ.
ഇന്ത്യയിലെ സംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള സമ്പാദ്യ-പെൻഷൻ പദ്ധതികൾ നിയന്ത്രിക്കുന്നത് ഇപിഎഫ്ഒ ആണ്. ഇപിഎഫ്, ഇപിഎസ്, ഇഡിഎൽഐ എന്നിങ്ങനെ മൂന്ന് സേവനങ്ങളാണ് ഇപിഎഫ്ഒ നൽകുന്നത്.
20 തൊഴിലാളികളെങ്കിലും ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ നിർബന്ധമായും ജീവനക്കാരെ ഇപിഎഫ്ഒയിൽ അംഗങ്ങളാക്കണമെന്നാണ് നിയമം. നിലവിൽ 7.98 കോടി അംഗങ്ങളും 82 ലക്ഷം പെൻഷൻകാരും 7.68 ലക്ഷം സ്ഥാപനങ്ങളുമാണ് ഇപിഎഫ്ഒയിൽ ഉള്ളത്.
യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) ഇപിഎഫ്ഒ ഓരോ ജീവനക്കാരനും നൽകുന്ന 12 അക്ക തിരിച്ചറിയൽ നമ്പറാണ് യുഎഎൻ. എത്ര സ്ഥാപനങ്ങളിൽ ജോലി ചെയ്താലും യുഎഎൻ നമ്പർ മാറില്ല.
ഇതേ നമ്പറിലേക്ക് തന്നെ പുതിയ കമ്പനിയിലെ പിഎഫ് അക്കൗണ്ട് ലിങ്ക് ചെയ്യാനും, പഴയ അക്കൗണ്ടിലെ പണം പുതിയ അക്കൗണ്ടിലേക്ക് എളുപ്പത്തിൽ മാറ്റാനും സാധിക്കും. ഇപിഎഫ്ഒ സേവനങ്ങൾക്കായി epfindia.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിക്കാം.
കേന്ദ്ര സർക്കാരിന്റെ ഉമാങ് ആപ്പ് വഴി പിഎഫ് ബാലൻസ് പരിശോധിക്കാനും, ഓൺലൈനായി പണം പിൻവലിക്കാനുള്ള അപേക്ഷ നൽകാനും സാധിക്കും. പെൻഷൻ ലഭിക്കുന്ന വിധം ഇപിഎസ് പദ്ധതി പ്രകാരം പെൻഷൻ ലഭിക്കാനുള്ള പ്രായം 58 വയസ്സാണ്.
പത്ത് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കുന്നവർക്കാണ് പ്രതിമാസ പെൻഷന് അർഹതയുള്ളത്. 10 വർഷം സർവീസ് പൂർത്തിയാക്കിയവർക്ക് വേണമെങ്കിൽ 50 വയസ്സ് മുതൽ മുൻകൂട്ടി പെൻഷൻ വാങ്ങാം.
എന്നാൽ 58 വയസ്സിന് മുൻപ് വാങ്ങുന്ന ഓരോ വർഷത്തിനും പെൻഷൻ തുകയിൽ 4 ശതമാനം വീതം കുറവുണ്ടാകും. പെൻഷൻ കൈപ്പറ്റുന്നത് 60 വയസ്സു വരെ നീട്ടിവെക്കുകയും ചെയ്യാം.
അങ്ങനെ ചെയ്താൽ ഓരോ വർഷത്തിനും പെൻഷൻ തുകയിൽ 4 ശതമാനം അധിക വർധന ലഭിക്കും. പത്ത് വർഷത്തെ സേവനം പൂർത്തിയാക്കാത്തവർക്ക് തുക ഒറ്റത്തവണയായി പിൻവലിക്കാനുള്ള സൗകര്യവുമുണ്ട്.
പെൻഷൻ ഫണ്ടിൽ നിന്ന് പുറത്താകുന്നതിനു മുൻപുള്ള 60 മാസത്തെ ശരാശരി പ്രതിമാസ ശമ്പളം അടിസ്ഥാനമാക്കിയാണ് പെൻഷൻ കണക്കാക്കുന്നത്. ശമ്പള പരിധിയിലെ മാറ്റവും പുതിയ പ്രഖ്യാപനവും അടിസ്ഥാന ശമ്പളവും ഡിഎയും ചേർത്ത് പ്രതിമാസം 15,000 രൂപയോ അതിൽ കുറവോ ആണെങ്കിൽ സ്ഥാപനത്തിൽ ജോലിക്ക് കയറുമ്പോൾ തന്നെ പിഎഫിൽ നിർബന്ധമായും അംഗമാകണം എന്നതായിരുന്നു മുൻപത്തെ നിയമം.
ഈ നിയമത്തിലാണ് ഇപ്പോൾ മാറ്റത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. നിർബന്ധിത വേതന പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താനാണ് കേന്ദ്ര മന്ത്രിസഭാ തീരുമാനം.
ഇതോടെ 15,000 മുതൽ 25,000 രൂപ വരെ ശമ്പളം വാങ്ങുന്ന തൊഴിലാളികൾക്കും ഇപിഎഫ്, ഇപിഎസ് പെൻഷൻ, ഇൻഷുറൻസ് പരിരക്ഷകൾ എന്നിവ ഉറപ്പാക്കാൻ സാധിക്കും. സംഘടിത, അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഈ പുതിയ മാറ്റം ഗുണം ചെയ്യും.
വേതന പരിധിയിൽ 10,000 രൂപയുടെ വർധന വരുന്നതോടെ ആനുകൂല്യങ്ങളും ആനുപാതികമായി വർധിക്കും. നിലവിൽ ഇപിഎഫ്ഒ അംഗങ്ങളായവർക്ക് വർധിച്ച ശമ്പള പരിധി അനുസരിച്ച് പെൻഷൻ ഫണ്ടിലേക്കും മറ്റും കൂടുതൽ വിഹിതം അടക്കേണ്ടി വരും.
അതായത്, കയ്യിൽ കിട്ടുന്ന ശമ്പളത്തിൽ അൽപം കുറവുവരുമെങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ ഈ മാറ്റം നേട്ടമാകും. ഉയർന്ന പെൻഷൻ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർ നിലവിൽ യഥാർഥ ശമ്പളത്തിന് ആനുപാതികമായ വിഹിതം അടയ്ക്കുന്നതിനാൽ ഈ പരിധിമാറ്റം ഈ വിഭാഗത്തെ ബാധിക്കില്ല.
2014 സെപ്റ്റംബറിലാണ് ഇതിനുമുൻപ് ശമ്പള പരിധി ഉയർത്തിയത്. ഇതിനുശേഷമുണ്ടായ വേതനത്തിലെയും തൊഴിൽ രീതികളിലെയും മാറ്റങ്ങൾ കണക്കിലെടുത്താണ് പുതിയ തീരുമാനം എന്ന് കേന്ദ്രം വ്യക്തമാക്കുന്നു.
പദ്ധതിയുടെ പരിധി വിപുലീകരിക്കുന്നത് സർക്കാരിന്റെ ചെലവിലും വർധനവുണ്ടാക്കും. നിലവിൽ പ്രതിവർഷം ചെലവിടുന്ന 10,250 കോടി രൂപ 11,339 കോടി രൂപയായി ഉയരും.
അടുത്ത അഞ്ച് വർഷത്തേക്ക് ഏകദേശം 56,696 കോടി രൂപ അധികമായി വിനിയോഗിക്കേണ്ടി വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

