ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ദാരുണമായ സംഭവം പുറത്തുവന്നു. കിഷോർ ധനക് (40) എന്ന നിർമാണ തൊഴിലാളിയാണ് തന്റെ മകളായ ഹിമാൻഷിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
ക്രൂര കൃത്യത്തിനു പിന്നാലെ ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും നിർണായകമായ മൂന്ന് ആത്മഹത്യ കുറിപ്പുകൾ പൊലീസ് കണ്ടെടുത്തു.
ഭാര്യ സ്വന്തം വീട്ടിലേക്ക് പോയ തക്കം നോക്കിയാണ് ഇയാൾ ഈ ക്രൂരകൃത്യം അരങ്ങേറിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് കിഷോർ മകളെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.
സെപ്റ്റംബർ 14 ന് പിതാവിന്റെ വീട്ടിലേക്ക് പോയ കിഷോറിന്റെ ഭാര്യ, നിരന്തരം ഫോണിൽ ബന്ധപ്പെട്ടിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് ആശങ്കയിലായി. തുടർന്ന് അവർ തന്റെ സഹോദരനെ അന്വേഷണത്തിനായി ഭർത്താവിന്റെ വീട്ടിലേക്ക് അയക്കുകയായിരുന്നു.
വീട്ടിലെത്തിയ ബന്ധു കിഷോറിനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ഇവർ വിവരം പൊലീസിൽ അറിയിക്കുകയും ചെയ്തു.
തുടർന്ന് വീടിനുള്ളിൽ പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് മൂന്ന് ആത്മഹത്യ കുറിപ്പുകൾ കണ്ടെടുത്തത്. സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ളതായിരുന്നു ഇതിലൊരു കുറിപ്പ്.
ബിസിനസ് രംഗത്തെ സുഹൃത്തുക്കളിൽ നിന്നും തനിക്ക് ലഭിക്കാനുള്ള 7.25 ലക്ഷം രൂപ കിട്ടാനുണ്ടെന്നും വിവിധ വായ്പകളെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ വ്യക്തമാക്കുന്നുണ്ട്. മകളെ കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കുന്നതായിരുന്നു രണ്ടാമത്തെ കുറിപ്പ്.
മകൾ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവിക്കരുതെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും തന്നോട് ക്ഷമിക്കണമെന്നുമാണ് കുറിപ്പിൽ എഴുതിയിരുന്നത്. മകളുടെ മൃതദേഹം ഫ്രിജിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു.
വീട്ടിലെ ഒരു മുറി മുഴുവൻ ബലൂണുകൾ ഉപയോഗിച്ച് അലങ്കരിച്ച നിലയിലായിരുന്നു. വെള്ള വസ്ത്രം ധരിപ്പിച്ചാണ് ഹിമാൻഷിയുടെ മൃതദേഹം ഫ്രിജിൽ വെച്ചിരുന്നത്.
കൂടാതെ ഫ്രിജിനുള്ളിൽ ‘ഹാപ്പി ബർത്ത്ഡേ ഹിമാൻഷി’ എന്നെഴുതിയ ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

