ഡല്‍ഹി സര്‍ക്കാരിന്റെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ചുമതലയേറ്റു. ഡല്‍ഹി സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ പദവി ഏറ്റെടുത്തത്.
തുടര്‍ന്ന് സര്‍ക്കാരിന്റെ ‘ജന്‍ കൗശല്‍ കേന്ദ്ര’യുടെ പ്രചാരണാര്‍ത്ഥം സഞ്ജുവിന്റെ ചിത്രമുള്ള ഔദ്യോഗിക പോസ്റ്റര്‍ മുഖ്യമന്ത്രിയും താരവും ചേര്‍ന്ന് പുറത്തിറക്കി. യുവജന ശാക്തീകരണ പദ്ധതികളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകളും ജനങ്ങളിലേക്ക് എത്തിക്കുന്നത് ‘ജന്‍ കൗശല്‍ കേന്ദ്ര’യിലൂടെയാണ്.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ഷാലിമാര്‍ ബാഗില്‍ ‘ജന്‍ കൗശല്‍ കേന്ദ്ര’യുടെ കീഴില്‍ പുതിയ ‘സെന്റര്‍ ഓഫ് എക്സലന്‍സ്’ സ്ഥാപിക്കുന്നതിനുള്ള ആലോചനകളും സര്‍ക്കാര്‍ തലത്തില്‍ പുരോഗമിക്കുകയാണ്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഒരു കോടി പേരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ നൈപുണ്യമുള്ളവരാക്കി മാറ്റുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് യുവാക്കളിലേക്ക് എത്തിക്കുന്നതിനായി സഞ്ജുവിന്റെ പ്രത്യേക വീഡിയോ സന്ദേശവും തയ്യാറാക്കിയിട്ടുണ്ട്.
സഞ്ജുവിനെ ബ്രാന്‍ഡ് അംബാസഡറാക്കുന്നതിലൂടെ കൂടുതല്‍ യുവാക്കളെ പദ്ധതിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ വിലയിരുത്തല്‍. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെയും വിജയത്തിന് പിന്നാലെയാണ് സഞ്ജു ഡല്‍ഹി സര്‍ക്കാരിന്റെ ഈ നിര്‍ണായക പദവിയിലേക്കെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

