വടക്കൻ അറേബ്യൻ കടലിൽ വെച്ച് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയിൽ പാകിസ്ഥാൻ കപ്പൽ ഇടിച്ച സംഭവത്തിൽ അടിസ്ഥാനരഹിതമായ പ്രചാരണങ്ങളുമായി പാകിസ്ഥാൻ രംഗത്തെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകളും ലംഘിച്ചാണ് പാകിസ്ഥാന്റെ ഹുനയിൻ എന്ന കപ്പൽ ഇന്ത്യൻ യുദ്ധക്കപ്പലിലേക്ക് ഇടിച്ചുകയറിയത്.
കപ്പലുകൾ തമ്മിൽ മൂന്ന് നോട്ടിക്കൽ മൈൽ ദൂരം പാലിക്കണമെന്നും നാവിക അഭ്യാസങ്ങൾ മുൻകൂട്ടി പരസ്പരം അറിയിക്കണമെന്നുമുള്ള മുൻവ്യവസ്ഥകൾ പാകിസ്ഥാൻ പൂർണ്ണമായും അവഗണിച്ചു. ഈ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടി പാകിസ്ഥാൻ നയതന്ത്രപ്രതിനിധിയെ ഇന്ത്യ നേരത്തെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് ഇന്ത്യയാണ് കടന്നുകയറ്റം നടത്തിയതെന്ന രീതിയിലുള്ള വ്യാജ ആരോപണങ്ങൾ പാകിസ്ഥാൻ ഉന്നയിച്ചത്. ഇത്തരം കെട്ടിച്ചമച്ച പ്രചാരണങ്ങൾ അവസാനിപ്പിച്ച് ഉഭയകക്ഷി കരാറുകളും വ്യവസ്ഥകളും കർശനമായി പാലിക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ആവശ്യപ്പെട്ടു.
“പാകിസ്ഥാന്റെ പ്രതികരണം നമ്മൾ കണ്ടു. പ്രതീക്ഷിച്ചതുപോലെ തന്നെയാണ് പാകിസ്ഥാൻ മറുപടി നൽകിയിരിക്കുന്നത്.
പാകിസ്ഥാന്റെ അടിസ്ഥാനരഹിതമായ എല്ലാ ആരോപണങ്ങളും തള്ളുന്നു. പാകിസ്ഥാന്റെ സൈനിക യൂണിറ്റുകൾ രണ്ട് രാജ്യങ്ങൾക്കും ഇടയിലുള്ള ഉടമ്പടികൾ പാലിച്ച് ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ ഭാവിയിൽ ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്”- വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

