രാജ്യത്തെ അതിസുരക്ഷാ മേഖലകളിലൊന്നായ ഏഴിമല നാവിക അക്കാദമിയിൽ വലിയ സുരക്ഷാ വീഴ്ച കണ്ടെത്തി. ഇന്ത്യൻ പൗരനാണെന്ന് വരുത്തിതീർക്കാൻ വ്യാജ രേഖകൾ നിർമ്മിച്ച് അക്കാദമിയിൽ ജോലി ചെയ്തുവന്ന ബംഗ്ലാദേശ് സ്വദേശിയാണ് ഒടുവിൽ പിടിയിലായത്.
ബിപ്ലബ് സോറൻ (32) എന്ന വ്യാജ പേരിൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇയാൾ ഇവിടെ ജോലി തരപ്പെടുത്തിയത്. ഇതിനു പുറമേ, പശ്ചിമ ബംഗാളിലെ മുർഷിദാബാദ് പോലീസിന്റെ പേരിലുള്ള വ്യാജ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഇയാൾ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാക്കിയിരുന്നു.
കഴിഞ്ഞ ഒരു വർഷത്തോളമായി നാവിക അക്കാദമിയിലെ ലോൺട്രി വിഭാഗത്തിലാണ് ഇയാൾ പണിയെടുത്തിരുന്നത്. എന്നാൽ ജോലിക്കിടെ ഇയാളുടെ പെരുമാറ്റത്തിലും നീക്കങ്ങളിലും സംശയം തോന്നിത്തുടങ്ങിയതോടെ അധികൃതർ രഹസ്യ നിരീക്ഷണം ശക്തമാക്കുകയായിരുന്നു.
തുടർന്ന് നാവികസേന ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബംഗ്ലാദേശ് പൗരത്വവുമായി ബന്ധപ്പെട്ട യഥാർത്ഥ രേഖകൾ ഫോണിൽ നിന്ന് കണ്ടെടുത്തത്.
തുടർ നടപടികളുടെ ഭാഗമായി പ്രതിയെ ഉടൻതന്നെ പയ്യന്നൂർ പോലീസിന് കൈമാറുകയായിരുന്നു. ഇതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ കണ്ണൂരിലെ ഒരു സ്പായിൽ നിന്ന് അഞ്ച് ബംഗ്ലാദേശി യുവതികളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് ഇവരും കഴിഞ്ഞിരുന്നത്. തങ്ങളെപ്പോലെ കൂടുതൽ ബംഗ്ലാദേശ് പൗരന്മാർ വ്യാജ വിലാസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ജില്ലയിലും ഒളിവിലിരുന്ന് ജോലി ചെയ്യുന്നുണ്ടെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

