റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ നൂറു ശതമാനം താരിഫ് ഏർപ്പെടുത്താനുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ രംഗത്ത്. അടുത്ത ആഴ്ച യുഎസിൽ സന്ദർശനം നടത്തുന്ന വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഉന്നതതല ചർച്ചകളിൽ ഈ വിഷയം ശക്തമായി ഉന്നയിക്കാനാണ് സാധ്യത.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് രാജ്യത്തിന്റെ സുപ്രധാന ദേശീയ മുൻഗണനകളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കി ചൈനയും ഇതിനിടെ ഇന്ത്യക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100% തീരുവ ചുമത്തുവാൻ യുഎസ് പ്രസിഡന്റായ ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന ബില്ല് യുഎസ് കോൺഗ്രസ് പാസാക്കിയിരുന്നു.
ഈ നീക്കത്തിനെതിരെയാണ് ഇരുരാജ്യങ്ങളും കടുത്ത അതൃപ്തി പരസ്യമാക്കിയത്. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഈ അടിയന്തര നീക്കം ഉപേക്ഷിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയും യുഎസിന്റെ ഏകപക്ഷീയമായ നിലപാടിനെ ശക്തമായി എതിർത്തു. ലോകത്ത് ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നും, ജനങ്ങളുടെ ഊർജ്ജ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാരിന് ഭരണപരമായ ബാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇന്ത്യയിലെ ആളോഹരി ഊർജ്ജ ഉപഭോഗം അമേരിക്കയിലുള്ളതിന്റെ പത്തിലൊന്ന് മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയ അംബാസഡർ, ഊർജ്ജ ലഭ്യത വർധിപ്പിക്കാനും പുതിയ സ്രോതസ്സുകൾ കണ്ടെത്താനും ഇന്ത്യക്ക് പൂർണ്ണ അവകാശമുണ്ടെന്നും വ്യക്തമാക്കി. അമേരിക്കയുടെ താരിഫ് ഭീഷണിയോട് ഇന്ത്യ ഇത്ര വേഗത്തിൽ പ്രതികരിക്കുന്നത് നയതന്ത്ര തലത്തിൽ അസാധാരണമായാണ് വിലയിരുത്തപ്പെടുന്നത്.
ബ്രിക്സ് ഉച്ചകോടിക്ക് ശേഷമുള്ള അനുകൂല രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയ്ക്ക് ഇതിനുള്ള കരുത്തുപകർന്നത്. മറ്റ് രാജ്യങ്ങൾ എവിടെനിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കേണ്ടതില്ല എന്ന നിലപാടാണ് ചൈനയും സ്വീകരിച്ചിട്ടുള്ളത്.
ഐക്യരാഷ്ട്ര സഭയിലെ പ്രസംഗത്തിൽ പങ്കെടുക്കുന്നതിനായി അടുത്തയാഴ്ച ന്യൂയോർക്കിലെത്തുന്ന വിദേശകാര്യമന്ത്രി എസ് ജയശങ്കർ, അമേരിക്കൻ അധികൃതരുമായുള്ള ചർച്ചകളിൽ ഈ ആശങ്ക ഔദ്യോഗികമായി അറിയിക്കും. കൂടാതെ, മാർക്കോ റൂബിയോയുടെ വരാനിരിക്കുന്ന ഇന്ത്യൻ സന്ദർശന വേളയിലും ഇന്ത്യ തന്റെ വിയോജിപ്പ് ശക്തമായി ഉന്നയിക്കും.
കഴിഞ്ഞ മാസം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ആകെ ക്രൂഡ് ഓയിലിന്റെ 51 ശതമാനവും റഷ്യയിൽ നിന്നായിരുന്നുവെന്നും, ഇതിനായി ഏകദേശം 70,000 കോടി രൂപയാണ് ഇന്ത്യ റഷ്യക്ക് നൽകിയതെന്നുമാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

