കോട്ടയം ജില്ലയിൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ യാത്ര ചെയ്യുന്നവർക്കായി പ്രധാന അറിയിപ്പ്. ബസുകളിൽ ചില്ലറ ക്ഷാമം അതിരൂക്ഷമായതോടെ യാത്രക്കാരും ജീവനക്കാരും ഒരുപോലെ ദുരിതത്തിലായിരിക്കുകയാണ്.
ജില്ലയിൽ സ്ത്രീ സൗജന്യയാത്ര പദ്ധതിയായ ‘പ്രിയദർശിനി’ നടപ്പാക്കിയതുമുതലാണ് ഓർഡിനറി ബസുകളിൽ ചില്ലറ ലഭ്യത കുറഞ്ഞതെന്നാണ് കെഎസ്ആർടിസി അധികൃതരുടെ ഔദ്യോഗിക വിശദീകരണം. ഇതിനുപുറമേ, പുരുഷ യാത്രക്കാരിൽ ഭൂരിഭാഗവും ടിക്കറ്റ് തുകയ്ക്കായി 50, 100, 200, 500 രൂപ നോട്ടുകളാണ് നൽകുന്നത്.
യാത്രാവേളകളിൽ യാത്രക്കാരുടെ കൈവശമുള്ള ചില്ലറ ശേഖരം കണ്ടക്ടർമാർ ചോദിച്ചു വാങ്ങി ടിക്കറ്റ് നൽകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
മുൻകാലങ്ങളിൽ ഓർഡിനറി ബസുകളിലെ ചില്ലറ തുക ഫാസ്റ്റ് പാസഞ്ചർ സർവീസുകൾക്കാണ് കൈമാറിയിരുന്നത്. എന്നാൽ നിലവിൽ ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ ലഭിക്കുന്ന ചില്ലറയുടെ പകുതിയോളം ഭാഗം സർവീസിനിടയിൽ ഓർഡിനറി ബസ് കണ്ടക്ടർമാർ വാങ്ങി തീർക്കേണ്ട
അവസ്ഥയാണ് ഉള്ളത്. ഈ പ്രതിസന്ധി മറികടക്കാൻ സ്വന്തം വീടുകളിലെ കുട്ടികളുടെ കുടുക്കകൾ പൊട്ടിച്ച് ചില്ലറ ശേഖരിച്ച് സർവീസിനെത്തിയ കണ്ടക്ടർമാരും ജില്ലയിലുണ്ട്.
കുട്ടികൾ സൂക്ഷിച്ചുവെച്ചിരുന്ന ചില്ലറ ശേഖരത്തിന് പകരമായി 10 രൂപ അധികം നൽകിയാണ് പലരും ചില്ലറ സംഘടിപ്പിച്ചത്. ‘പ്രിയദർശിനി’ യാത്രാ പദ്ധതി നിലവിൽ വന്നതോടുകൂടി ജില്ലയിലെ വിവിധ സബ് ഡിപ്പോകളുടെ ചില്ലറ വരുമാനത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കെഎസ്ആർടിസി സർവീസ് ആരംഭിക്കുന്ന സമയത്ത് കണ്ടക്ടറുടെ കൈവശമുള്ള പണച്ചാക്കിൽ യാതൊരുവിധ ചില്ലറയോ നോട്ടോ ഉണ്ടാകാൻ പാടില്ലെന്നാണ് നിയമം നിഷ്കർഷിക്കുന്നത്. എന്നാൽ ചില്ലറ പ്രതിസന്ധി അതീവ രൂക്ഷമായ സാഹചര്യത്തിൽ നിലവിൽ 100 രൂപ വരെ ചില്ലറ കൈയിൽ കരുതിയാണ് കണ്ടക്ടർമാർ സർവീസ് ആരംഭിക്കുന്നത്.
സർവീസ് ആരംഭിക്കുമ്പോൾ ഇത്തരത്തിൽ ചില്ലറ ബാഗിൽ സൂക്ഷിക്കുന്നതിനായി സ്റ്റേഷൻ മാസ്റ്ററുടെ പ്രത്യേക അനുമതിയും ഇവർ തേടേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

