പുനലൂരിൽ സർക്കാർ ഫണ്ടിന്റെ ചെറിയൊരു തുക മാത്രം ഉപയോഗിച്ച് മാതൃകപരമായ നിർമാണവുമായി ഒരു കൂട്ടം യുവാക്കൾ രംഗത്ത്. കരവാളൂർ പഞ്ചായത്തിലെ മാത്ര അടുക്കളമൂല കലുങ്ങുംമുക്കിലാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ പുതിയ കാത്തിരിപ്പു കേന്ദ്രം യാഥാർത്ഥ്യമാക്കിയത്.
പൊതുവേ ലക്ഷക്കണക്കിന് രൂപയും ജനപ്രതിനിധികളുടെ പേരുകളും വകയിരുത്തി നടത്തുന്ന നിർമാണ രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ സംരംഭം. ‘ഒരുമ’ കൂട്ടായ്മയും ‘കലുങ്ങുംമുക്ക് ബ്രദേഴ്സ്’ എന്ന സുഹൃദ് കൂട്ടായ്മയും ചേർന്നാണ് ഈ മാതൃകാ പദ്ധതിക്ക് രൂപം നൽകിയത്.
വെറും 15 ദിവസം കൊണ്ടാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. പ്രാരംഭ ഘട്ടത്തിൽ ഒരു ലക്ഷം രൂപയാണ് ചെലവ് വന്നതെങ്കിലും, ബാക്കി കൂടി പൂർത്തിയാകുമ്പോൾ ആകെ ചെലവ് ഒന്നേകാൽ ലക്ഷം രൂപയോളമാകും.
യുവാക്കളുടെ നേതൃത്വത്തിൽ ശ്രമദാനമായാണ് ഭൂരിഭാഗം ജോലികളും പൂർത്തീകരിച്ചത്. അതിനാൽ തന്നെ നിർമാണച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിച്ചു.
നാട്ടുകാർക്ക് വിശ്രമിക്കാനായി ഓട് മേഞ്ഞാണ് ഈ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. മനോഹരമായ കലുങ്ങുംമുക്ക് ഏലായുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് യാത്രക്കാർക്ക് ഇവിടെ സമയം ചെലവഴിക്കാം.
ഈ പ്രദേശത്തെ 55 വീടുകളിലെ ജനങ്ങൾ ഒത്തൊരുമിച്ച് നിന്നതിന്റെ വിജയമായാണ് ഈ കൂട്ടായ്മ ഇതിനെ കാണുന്നത്. പുറത്തുനിന്നും ആരെയും ആശ്രയിക്കാതെ നാട്ടുകാർ തന്നെ നേരിട്ടാണ് ഇതിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്.
കാത്തിരിപ്പു കേന്ദ്രത്തിൽ വരും ദിവസങ്ങളിൽ വൈദ്യുതി, റേഡിയോ, ശുദ്ധജലം, ദിനപത്രങ്ങൾ എന്നിവ ഏർപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഇവർ. കറുകപ്പട്ടയുടെ വിപണന മേഖല കൂടിയായ ഈ പ്രദേശത്ത് പ്രകൃതിയുടെ ഹരിതഭംഗിക്കൊപ്പം നല്ല സുഗന്ധവും അനുഭവിച്ചറിയാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

