രാജ്യത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും ഊർജക്ഷാമവും നേരിടുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചെലവുകൾ പരമാവധി വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് പാക്ക് സർക്കാർ പുതിയ ഉത്തരവുകൾ പുറപ്പെടുവിച്ചത്.
ഊർജം സംരക്ഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള വിവിധ പൊതുപരിപാടികൾക്കും ആഘോഷങ്ങൾക്കും ഭരണകൂടം നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. സർക്കാർ പുറത്തിറക്കിയ പുതിയ വിജ്ഞാനപ്രകാരം ഇന്ധന ഉപയോഗത്തിൽ വലിയ വെട്ടിക്കുറയ്ക്കൽ വരുത്താനും ഉദ്യോഗസ്ഥരുടെ വിദേശ യാത്രാ നിരോധനത്തിനും മൂന്ന് മാസത്തെ കാലാവധിയാണ് നിശ്ചയിച്ചിരിക്കുന്നത്.
ഈ കാലയളവിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഇക്കോണമി ക്ലാസിൽ വിദേശ യാത്രകൾ നടത്തുവാൻ അനുവാദമുണ്ടാകും. ഇതിനുപുറമേ വിവാഹ ചടങ്ങുകളിലും മറ്റ് ആഘോഷങ്ങളിലും വിളമ്പുന്ന ഭക്ഷണത്തിന്റെ അളവിലും ഇനങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും അതിഥികൾക്കായി ഒരു വിഭവം മാത്രമേ വിളമ്പാൻ പാടുള്ളൂവെന്ന് സർക്കാർ വ്യക്തമാക്കിയതായി ഡോൺ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
ഊർജം ലാഭിക്കുന്നതിന്റെ മറ്റൊരു നടപടിയായി വാണിജ്യ സ്ഥാപനങ്ങൾ രാത്രി 9 മണിക്ക് ശേഷം പ്രവർത്തിക്കാൻ പാടില്ല. ഷോപ്പിംഗ് മാളുകൾ, ചന്തകൾ, പലചരക്ക് കടകൾ എന്നിവയെല്ലാം ഈ നിയമം കർശനമായി പാലിക്കണം.
വിവാഹ പാർട്ടികൾ, വിവിധ ആഘോഷങ്ങൾ എന്നിവയുടെ ചടങ്ങുകൾ രാത്രി 10 മണിയോടെ അവസാനിപ്പിക്കണം. ഹോട്ടലുകൾക്കും മറ്റ് ഭക്ഷണശാലകൾക്കും രാത്രി 11 മണിവരെ മാത്രമാണ് പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്.
അതേസമയം സർക്കാർ വകുപ്പുകൾക്കായി പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പൂർണ്ണമായ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. യുഎസ്-ഇറാൻ സംഘർഷം നിലനിന്നിരുന്ന സമയത്തും കഴിഞ്ഞ വർഷം മാർച്ചിലും പാക്കിസ്ഥാൻ സർക്കാർ സമാനമായ നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നുവെങ്കിലും പിന്നീട് ഇവയിൽ ഇളവുകൾ വരുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

