പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ നടപ്പാതകൾ കയ്യേറി നടത്തിവന്ന അനധികൃത കച്ചവടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ ഈ നിർണായക നടപടി.
ടൗൺ, ജിഎച്ച് റോഡ്, മൂന്നാർ മാർക്കറ്റ്, മാട്ടുപ്പെട്ടി റോഡ്, പഴയ മൂന്നാർ, ആർഒ കവല, പോസ്റ്റ് ഓഫിസ് കവല തുടങ്ങിയ വിവിധ ഭാഗങ്ങളിലായി നടപ്പാത കയ്യേറി കച്ചവടം നടത്തുന്ന 30 വഴിയോര കച്ചവടക്കാർക്കാണ് പഞ്ചായത്ത് സെക്രട്ടറി ഔദ്യോഗികമായി നോട്ടീസ് നൽകിയിട്ടുള്ളത്. അടുത്ത 15 ദിവസത്തിനകം ബന്ധപ്പെട്ട
കച്ചവടക്കാർ സ്വന്തം നിലയിൽ കടകൾ പൊളിച്ചു നീക്കണമെന്നാണ് നിർദ്ദേശം. നിശ്ചിത സമയപരിധിക്കുള്ളിൽ ഒഴിപ്പിക്കൽ നടപടികൾ ഉണ്ടായില്ലെങ്കിൽ അധികാരികൾ ബലമായി കടകൾ പൊളിച്ചുനീക്കുമെന്നും നോട്ടീസിൽ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൂടാതെ, കയ്യേറ്റവുമായി ബന്ധപ്പെട്ട് നിയമപരമായ എന്തെങ്കിലും വിശദീകരണങ്ങൾ നൽകാനുണ്ടെങ്കിൽ അതും 15 ദിവസത്തിനകം പഞ്ചായത്തിൽ രേഖാമൂലം ബോധിപ്പിക്കേണ്ടതാണ്. രാജ്യത്തെ മുഴുവൻ നഗരങ്ങളിലും ടൗണുകളിലും കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് സുപ്രീം കോടതി അടുത്തിടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായാണ് നടപടി. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ നടപ്പാതകൾ പൂർണ്ണമായും കയ്യേറി കച്ചവടങ്ങൾ നടക്കുന്നത് കാരണം സഞ്ചാരികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ ജീവൻ പണയംവെച്ച് റോഡിലൂടെ നടക്കേണ്ട
സ്ഥിതിയാണ് നിലവിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

