കൊട്ടാരക്കരയിൽ 3 പേർ മരിക്കാനിടയായ നീലേശ്വരം മുക്കോണിമുക്കിലെ ടിപ്പർ ദുരന്തത്തിന്റെ ദുഃഖസ്മരണകൾ വിട്ടുമാറും മുൻപ് തേഞ്ഞ ടയറുകളുമായി ‘അൺ ഫിറ്റ്’ ടിപ്പർ ലോറികൾ വീണ്ടും നിരത്തിലിറങ്ങുന്നതായി പരാതി. യാത്രാരേഖകളോ ഫിറ്റ്നസോ ഇല്ലാതെ, തേഞ്ഞ ടയറുകളുമായി അകമ്പടി വാഹനങ്ങളുടെ സഹായത്തോടെ മണ്ണ് കടത്തിയ ടിപ്പർ ലോറിയാണ് മഫ്തിയിലെത്തിയ മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പിടികൂടിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നീലേശ്വരം മുക്കോണിമുക്കിന് സമീപത്തുനിന്നാണ് മോട്ടർ വാഹന വകുപ്പ് വെഹിക്കിൾ ഇൻസ്പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിൽ ലോറി കസ്റ്റഡിയിലെടുത്തത്. തുടർന്ന് വാഹനം കൊട്ടാരക്കര പൊലീസിന് കൈമാറുകയായിരുന്നു.
ലോറി ഡ്രൈവർ ജി.ഗോപകുമാറിനെയും പൊലീസിന് കൈമാറിയിട്ടുണ്ട്. മുൻപ് അപകടം നടന്ന സ്ഥലത്തിന് 150 മീറ്റർ അകലത്തിൽ നിന്നാണ് ടിപ്പർ പിടികൂടിയത്.
സമാന രീതിയിൽ ഒട്ടേറെ ലോറികൾ ഈ പാതയിലൂടെ മണ്ണ് കടത്തുന്നതായാണ് അധികൃതർക്ക് ലഭിക്കുന്ന വിവരം. ട്രാൻസ്പോർട്ട് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഈ കർശന നടപടി.
അമ്പലപ്പുറത്തുനിന്ന് മണ്ണെടുത്ത് മുക്കോണിമുക്കിനു സമീപം ടിപ്പറിൽ നിന്നിറക്കുന്നതിനിടെയാണു വാഹനം പിടിയിലായത്. പരിശോധനയിൽ ലോറിയുടെ ടയറുകൾ പൂർണ്ണമായും തേഞ്ഞ നിലയിലാണെന്ന് കണ്ടെത്തി.
2025വരെയാണ് ഈ ലോറിക്ക് ഫിറ്റ്നസ് ഉണ്ടായിരുന്നത് എങ്കിലും, 2024ന് ശേഷം ഇതിന്റെ നികുതി അടച്ചിട്ടില്ലെന്ന് വ്യക്തമായി. കൂടാതെ, വാഹനത്തിലെ ജിപിഎസ് സംവിധാനവും പ്രവർത്തനക്ഷമമല്ലെന്ന് അധികൃതർ അറിയിച്ചു.
മുമ്പും ഒട്ടേറെ തവണ പിഴ ഒടുക്കേണ്ടി വന്നിട്ടുള്ള വാഹനമാണിതെന്ന് രേഖകൾ വ്യക്തമാക്കുന്നു. മണ്ണ് കടത്ത് തടസ്സങ്ങളില്ലാതെ സുരക്ഷിതമാക്കാനായി ഒരു ബൈക്കിന്റെയും പിന്നിൽ കാറിന്റെയും അകമ്പടിയോടെയായിരുന്നു മണ്ണ് നീക്കം ചെയ്തതെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

