രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ സമാനതകളില്ലാത്ത സ്വാധീനം ചെലുത്തി നരേന്ദ്ര മോദി തന്റെ എഴുപത്തിയാറാം പിറന്നാൾ ആഘോഷിക്കുന്നു. ഭരണത്തിലും സംഘടനാതലത്തിലും തന്റെ അപാരമായ ആധിപത്യം ഇന്നും ഊട്ടിയുറപ്പിക്കുന്ന അദ്ദേഹം, ഭരണരംഗത്ത് കാൽനൂറ്റാണ്ട് പിന്നിടുന്ന സുപ്രധാന വേളയിലൂടെയാണ് കടന്നുപോകുന്നത്.
1950 സെപ്റ്റംബർ 17-ന് ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വട്നഗറിലാണ് നരേന്ദ്ര ദാമോദർദാസ് മോദി ജനിച്ചത്. പതിനേഴാം വയസ്സിൽ ആർഎസ്എസിലൂടെ പൊതുരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം, 1987-ൽ മുപ്പത്തിയേഴാം വയസ്സിലാണ് ഗുജറാത്ത് ബിജെപിയുടെ ജനറൽ സെക്രട്ടറിയാകുന്നത്.
തുടർന്ന് 2001-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം, വലിയ വിവാദങ്ങളെയും നിയമനടപടികളെയും അതിജീവിച്ചാണ് 2014 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഇന്ന് ആഗോളതലത്തിലെ ഏറ്റവും ശക്തരായ ഭരണാധികാരികളിൽ ഒരാളായി അദ്ദേഹം മാറി കഴിഞ്ഞു.
അയോധ്യ രാമക്ഷേത്ര നിർമ്മാണം, ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, വഖഫ് നിയമ ഭേദഗതി തുടങ്ങിയ സംഘപരിവാറിന്റെ ദീർഘകാല ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കപ്പെട്ടത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള നടപടികളും ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
റിട്ടയർമെന്റ് ചർച്ചകളെ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് പാർട്ടിയിലും സർക്കാരിലും തന്റെ സമ്പൂർണ്ണ നിയന്ത്രണം നിലനിർത്താൻ കഴിഞ്ഞ ഒരു വർഷം അദ്ദേഹത്തിന് സാധിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് ശേഷം തുടർച്ചയായ നിയമസഭാ വിജയങ്ങളിലൂടെ വിമർശകരുടെ വായയടപ്പിച്ച അദ്ദേഹം രാഷ്ട്രീയ രംഗത്ത് തന്റെ അപാരമായ തിരിച്ചുവരവാണ് അടയാളപ്പെടുത്തിയത്.
മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും തുടർച്ചയായി 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ബിജെപി ഒരു മാസം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം വീടുകളിൽ ദീപങ്ങൾ തെളിയിക്കാനാണ് പാർട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്.
എല്ലാ എൻഡിഎ നേതാക്കളും ഇന്ന് വാരണാസിയിലെ പ്രത്യേക ചടങ്ങുകളിൽ പങ്കെടുക്കും. എന്നാൽ, ഈ ആഘോഷങ്ങൾക്കിടയിലും ചില പുതിയ രാഷ്ട്രീയ വെല്ലുവിളികളും അദ്ദേഹത്തിന് മുന്നിലുണ്ട്.
രാജ്യത്തുടനീളം ഉയർന്നു വന്ന യുവജനങ്ങളുടെ പ്രതിഷേധങ്ങളും സമരങ്ങളും ദേശീയ രാഷ്ട്രീയത്തിന്റെ സമവാക്യങ്ങളെ മാറ്റിമറിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ ഏഴോളം സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, യുവതലമുറ ഉയർത്തുന്ന ചോദ്യങ്ങളെ അഭിമുഖീകരിക്കുക എന്നത് എൻഡിഎ മുന്നണിയെ സംബന്ധിച്ച് വലിയൊരു കടമ്പയാണ്.
എങ്കിലും, 2029-ലെ പൊതുതിരഞ്ഞെടുപ്പിലേക്ക് നരേന്ദ്ര മോദിക്ക് പകരക്കാരനായി മറ്റൊരാളെക്കുറിച്ച് ചിന്തിക്കാൻ പോലും ബിജെപി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

