പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ മഹുവ മൊയ്ത്ര എംപിക്ക് നേരെ ബിജെപി പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധവും മുട്ടയേറും. തന്റെ മണ്ഡലമായ കൃഷ്ണനഗറിൽ രാഷ്ട്രീയ യോഗത്തിൽ പങ്കെടുക്കാനെത്തിയ എംപിക്ക് നേരെ ബിജെപി പ്രവർത്തകർ ‘ഗോ ബാക്ക്’ വിളികളോടെ കരിങ്കൊടി വീശുകയും വാഹനത്തിനു നേരെ മുട്ടയെറിയുകയും ചെയ്യുകയായിരുന്നു.
പ്രതിഷേധം പെട്ടെന്ന് തൃണമൂൽ-ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിലേക്ക് വഴിമാറി. സംഘർഷത്തിനിടയിലാണ് എംപിയുടെ കാറിനു നേരെ മുട്ടയേറുണ്ടായത്.
സംഭവത്തിനു പിന്നാലെ മഹുവ മൊയ്ത്ര സുപ്രീം കോടതി ജസ്റ്റിസ് ദിപങ്കർ ദത്തയെ പരിഹസിച്ച് എക്സ് പോസ്റ്റുമായി രംഗത്തെത്തി. ആക്രമണങ്ങൾക്കെതിരെ സംരക്ഷണം ആവശ്യപ്പെട്ട് നേരത്തെ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ അദ്ദേഹം നടത്തിയ നിരീക്ഷണങ്ങളെ പരിഹസിച്ചായിരുന്നു മഹുവയുടെ പ്രതികരണം.
‘‘ബഹുമാനപ്പെട്ട ജസ്റ്റിസ് ദിപങ്കർ ദത്തയ്ക്ക് ഒരു വലിയ നന്ദി!
മൈ ലോർഡ് – ഞാൻ പശ്ചിമ ബംഗാൾ പൊലീസിനെ മുൻകൂട്ടി അറിയിച്ച ശേഷമാണ് മണ്ഡലത്തിലെ യോഗത്തിനെത്തിയത്. എന്നാൽ പൊലീസിന്റെ സഹായത്തോടെ ബിജെപി പ്രവർത്തകർ എനിക്ക് നേരെ മുട്ടയെറിഞ്ഞു.
അങ്ങയുടെ ഉപദേശം ഉൾക്കൊണ്ട്, ഒരു സ്വാതന്ത്ര്യസമര സേനാനി വെടിയുണ്ടകളെ നേരിടുന്നത് പോലെ ഞാൻ അവരെ നേരിട്ടു’’ – മഹുവ മൊയ്ത്ര പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

