തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ അഞ്ച് പേരെ നൂറനാട് പൊലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐപിഎസ്ന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ ഗ്രിപ്പ്’ പദ്ധതിയുടെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് താമരക്കുളത്തുനിന്നും പ്രതികളെ പിടികൂടിയത്.
തിരുവനന്തപുരം മലയിൻകീഴ്, പൂജപ്പുര പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു ഈ സംഘം. പിടിയിലായ ഓരോരുത്തരുടെയും പേരിൽ ഇരുപതോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
നരുവാംമൂട് പാലറക്കുഴി വിഷ്ണു ഭവനത്തിൽ മിഥുൻ (29), പേയാട് ചീലപ്പാറ ഐശ്വര്യ ഭവനിൽ അമൽ (28), തിരുമല അണ്ണൂർ ദേവീകൃപ വീട്ടിൽ നന്ദു (23), വെളിയന്നൂർ കമ്പനിമുക്ക് ദിവ്യ ഭവനിൽ ഫെബിൻ, നരുവാംമൂട് തളയറകോണം പറങ്കിമാംവിള വീട്ടിൽ അനന്ദു എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ മിഥുനും അമലും കാപ്പാ നിയമപ്രകാരം നടപടി നേരിട്ട
പ്രതികളാണ്. കാപ്പാ തടങ്കലിൽ കഴിഞ്ഞിരുന്ന ഇരുവരും താമരക്കുളം സ്വദേശിയായ ശരത് എന്നയാളോടൊപ്പം ഒളിവിൽ കഴിയാൻ എത്തിയതായിരുന്നു.
കഴിഞ്ഞ ഓണക്കാലത്ത് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശരത്തിനെ ആക്രമിച്ചവരെ തിരിച്ചാക്രമിക്കാൻ വേണ്ടിയാണോ ഇവർ ഇവിടെ താവളമൊരുക്കിയതെന്ന കോണിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. നൂറനാട് ഇൻസ്പെക്ടർ ശ്രീജിത്ത് പിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഹക്കീം, സുരേഷ്, എഎസ്ഐ രാധാകൃഷ്ണൻ ആചാരി, എസ്സിപിഒ സിജു, സിപിഒമാരായ ബിനു, വിഷ്ണു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് വീട് വളഞ്ഞ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

