പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള അതിർത്തി കമ്മിഷൻ രൂപീകരണത്തെയും നടപടികളെയും ഇന്ത്യ ശക്തമായ ഭാഷയിൽ തള്ളിപ്പറഞ്ഞു. ജമ്മു കശ്മീരും ലഡാക്കും പൂർണ്ണമായും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്ന് ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നിലവിലുള്ള അതിർത്തി കമ്മിഷന് യാതൊരുവിധ നിയമസാധുതയുമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. നിയമവിരുദ്ധമായും ബലപ്രയോഗത്തിലൂടെയും കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ പ്രദേശങ്ങളെക്കുറിച്ച് കരാറുകളിൽ ഏർപ്പെടാൻ പാക്കിസ്ഥാന് യാതൊരു അവകാശവുമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അനധികൃതമായി കൈയേറിയ പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി മാറ്റാനോ നിയമവിരുദ്ധ അധിനിവേശത്തിനു സാധുത നൽകാനോ ഉള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിർക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയസ്വാൾ വ്യക്തമാക്കി. ഇന്ത്യൻ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ചൈനയും പാക്കിസ്ഥാനും നടത്തുന്ന അതിർത്തി സഹകരണങ്ങൾ അംഗീകരിക്കാനാവാത്തതാണെന്നും, ഇത് പ്രദേശങ്ങളിന്മേലുള്ള ഇന്ത്യയുടെ പരമാധികാരത്തെ ഒട്ടും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരും ലഡാക്കും ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങളും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങൾ തന്നെയാണെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. നേരത്തെ, പാക്കിസ്ഥാൻ-ചൈന അതിർത്തി ജോയിന്റ് കമ്മിഷന്റെ പ്രവർത്തനം ആരംഭിച്ചതിനെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ആദ്യ യോഗത്തെക്കുറിച്ചും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ വിവരങ്ങൾ പങ്കുവച്ചിരുന്നു.
അതിർത്തി പരിപാലനം, സംയുക്ത അതിർത്തി സർവേകൾ, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ മെച്ചപ്പെടുത്തുന്നതിനു കമ്മിഷൻ വഴിയൊരുക്കുമെന്നും, ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പ്രധാന നാഴികക്കല്ലാണെന്നുമായിരുന്നു പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അവകാശവാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

