യെമനിലെ മാരിബ് പ്രവിശ്യയിൽ വെച്ച് സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതി വിമതരുടെ അവകാശവാദം. ഇത് സംബന്ധിച്ച ദൃശ്യങ്ങൾ യെമനിലെ ഹൂതി വിമതർ പുറത്തുവിട്ടു.
തങ്ങളുടെ വ്യോമപ്രതിരോധ സേനയാണ് വിമാനം തകർത്തതെന്നാണ് ഇവർ വ്യക്തമാക്കുന്നത്. ഹൂതികൾ പുറത്തുവിട്ട
നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളിൽ, വിമാനം ലക്ഷ്യമിടുന്നതും പിന്നീട് വിമാനം തകർന്ന് കത്തിയമർന്നതിന്റെ അവശിഷ്ടങ്ങൾക്ക് സമീപം ആയുധങ്ങളേന്തിയ ഹൂതി ഫൈറ്റർമാർ നിൽക്കുന്നതും വ്യക്തമായി കാണാൻ സാധിക്കും. പ്രാദേശികമായി നിർമ്മിച്ച മിസൈൽ ഉപയോഗിച്ചാണ് സൗദി വിമാനം വീഴ്ത്തിയതെന്ന് ഹൂതികളുടെ സൈനിക വക്താവ് യാഹ്യാ സാരീ പ്രസ്താവനയിൽ അവകാശപ്പെട്ടു.
തങ്ങളുടെ വ്യോമപരിധിയിൽ അതിക്രമിച്ചു കയറി ശത്രുതാപരമായ നീക്കങ്ങൾ നടത്തിയതിനെ തുടർന്നാണ് വിമാനത്തിന് നേരെ ആക്രമണം നടത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, തകർന്നുവീണ വിമാനത്തിന്റെ പൈലറ്റുമാരുടെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
അതേസമയം, ഹൂതികളുടെ ഈ അവകാശവാദം ഇതുവരെ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സംഭവത്തോട് സൗദി അറേബ്യയും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
യെമൻ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും ശക്തമാകുന്നതിനിടയിലാണ് ഈ പുതിയ സംഭവവികാസം പുറത്തുവന്നിരിക്കുന്നത്. നേരത്തെ മക്കയ്ക്ക് സമീപം ഹൂതികളുടെ ഡ്രോൺ തകർത്തതായി സൗദി സഖ്യസേന ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സൗദി വിമാനം വെടിവെച്ചിട്ടതായി ഹൂതികൾ രംഗത്തുവന്നിട്ടുള്ളത്. അതിനിടെ, മക്കയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി സൗദി അറേബ്യ ഉന്നയിച്ച ആരോപണം ഹൂതി വിമതർ പൂർണമായും തള്ളിക്കളഞ്ഞു.
മക്കയെ ലക്ഷ്യമിട്ട് യാതൊരുവിധ നീക്കവും നടത്തിയിട്ടില്ലെന്നും തങ്ങളുടെ സൈനിക നടപടികൾ സൗദിയിലെ സൈനിക കേന്ദ്രങ്ങളെയും എണ്ണക്കമ്പനികളെയും മാത്രമാണ് ലക്ഷ്യമിടുന്നതെന്നുമാണ് ഹൂതി വക്താവ് യാഹ്യാ സാരീ വ്യക്തമാക്കിയത്. സൗദി സഖ്യസേന നടത്തുന്ന ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഹൂതികൾ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

