കൊല്ലത്ത് വയോധികയുടെ സ്വർണമാല മോഷ്ടിച്ച കേസിൽ യുവാവ് പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം മലയൻകീഴ് ചിത്തിര വീട്ടിൽ അർജുൻ (23) ആണ് അറസ്റ്റിലായത്.
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓച്ചിറ ഇടയനമ്പലം ജിമിലെ ട്രെയിനറാണ് പ്രതി.
ഇക്കഴിഞ്ഞ 12ന് വൈകിട്ട് ആറുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടക്കുളങ്ങര ക്ഷേത്രത്തിന് സമീപം വീടിന് മുന്നിൽ നിന്നിരുന്ന 78കാരിയായ വയോധികയുടെ കഴുത്തിൽ കിടന്ന ഒന്നര പവൻ്റെ സ്വർണമാലയാണ് പ്രതി കവർന്നത്.
സ്കൂട്ടറിലെത്തിയ അർജുൻ, വയോധികയോട് വഴി ചോദിക്കാനെന്ന വ്യാജേന സമീപിക്കുകയായിരുന്നു. തുടർന്ന് പ്രദേശത്ത് ആളുകളില്ലെന്ന് മനസ്സിലാക്കിയ പ്രതി, മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വയോധിക വീട്ടുകാർക്കൊപ്പം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ഊർജിതമാക്കി.
സംഭവസ്ഥലത്തിന് സമീപത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷണം പോയ സ്വർണമാല ക്ലാപ്പനയിലുള്ള പ്രതിയുടെ വാടക വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു.
തുടർന്ന് കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

