കോഴിക്കോട് ജില്ലയിൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന പശ്ചാത്തലത്തിൽ മലബാർ മേഖലയിലെ യാത്രക്കാരുടെ യാത്രാദുരിതം പരിഹരിക്കുന്നതിനായി കെഎസ്ആർടിസി അടിയന്തരമായി അധിക സർവീസുകൾ ആരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സെപ്റ്റംബർ 17 മുതൽ 30 വരെയാണ് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
ഇതിന്റെ തുടർച്ചയായി കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രധാന റൂട്ടുകളിലാണ് കെ.എസ്.ആർ.ടി.സി പുതിയ സർവീസുകൾ ഏർപ്പെടുത്തേണ്ടത്. റദ്ദാക്കപ്പെടുന്ന ട്രെയിൻ സർവീസുകളുടെ വിവരങ്ങൾ മുൻകൂട്ടി മനസ്സിലാക്കി, യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി അധിക സർവീസുകൾ ക്രമീകരിക്കണമെന്നാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.
ബൈജുനാഥ് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ 15 ദിവസത്തിനകം കെ.എസ്.ആർ.ടി.സി എം.ഡി കമ്മീഷനെ അറിയിക്കേണ്ടതാണ്.
അടുത്ത മാസം കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ ഈ വിഷയം വീണ്ടും പരിഗണിക്കും. ട്രെയിൻ സർവീസുകൾ താൽക്കാലികമായി വെട്ടിക്കുറയ്ക്കുന്നത് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സാധാരണക്കാരായ യാത്രക്കാരെ അതീവ ഗുരുതരമായി ബാധിക്കുമെന്ന് കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാണിച്ചു.
ഇത്തരത്തിലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി ഫലപ്രദമായി വിന്യസിച്ച് ജനങ്ങളുടെ യാത്രാബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് കെ. ബൈജുനാഥ് വ്യക്തമാക്കി.
കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റയിൽ യൂസേഴ്സ് അസോസിയേഷൻ വർക്കിംഗ് ചെയർമാൻ ഷെവലിയർ സി.ഇ. ചാക്കുണ്ണി സമർപ്പിച്ച ഔദ്യോഗിക പരാതിയിമേലാണ് കമ്മീഷന്റെ ഈ നിർണായക നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

