പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടയിൽ, ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ സാമ്പത്തിക ബാധ്യത സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു. യുദ്ധമാരംഭിച്ച് ആദ്യ അഞ്ച് മാസത്തെ മാത്രം അവലോകനത്തിൽ യുഎസ് പ്രതിരോധ വകുപ്പിന് വന്ന ചെലവ് 3810 കോടി ഡോളർ ആണ്.
നിലവിലെ വിനിമയ നിരക്കുപ്രകാരം ഇത് ഏകദേശം 3.6 ലക്ഷം കോടി രൂപ വരും. സംഘർഷം നീണ്ടുപോവുകയാണെങ്കിൽ ഓരോ മാസവും അധികമായി 200 മുതൽ 300 കോടി ഡോളർ വരെ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് യുഎസ് കോൺഗ്രസിന്റെ ബജറ്റ് ഓഫീസ് വ്യക്തമാക്കുന്നു.
വ്യോമപ്രതിരോധ സംവിധാനങ്ങളും അത്യാധുനിക ആയുധങ്ങളും പുനഃസ്ഥാപിക്കുന്നതിനാണ് ഭൂരിഭാഗം തുകയും വിനിയോഗിച്ചത്. ഇതിനുപുറമേ ഉയർന്ന എണ്ണവിലയും വിമാനങ്ങളുടെ പ്രവർത്തനച്ചെലവും ബാധ്യത വർധിപ്പിച്ചു.
യുഎസിന്റെ ആകെ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഈ ഘട്ടത്തിൽ ഉപയോഗിച്ചതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ക്രൂഡോയിൽ വില ഉയർന്ന പശ്ചാത്തലത്തിൽ അമേരിക്കൻ കേന്ദ്രബാങ്ക് അടിസ്ഥാന പലിശ നിരക്ക് വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
രാജ്യത്ത് ഇടക്കാല തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഈ സാമ്പത്തിക റിപ്പോർട്ടുകൾ രാഷ്ട്രീയമായും നിർണായകമാണ്. ഇറാൻ യുദ്ധം കാരണം സാധാരണക്കാരുടെ ജീവിതച്ചെലവ് ഇത്രയധികം വർധിച്ചുവെന്നാണ് ഡെമോക്രാറ്റുകളുടെ പ്രധാന വിമർശനം.
ഇറാനെതിരെയുള്ള നീക്കങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി യുഎസ്-ഇസ്രയേൽ സൈനിക നേതൃത്വങ്ങൾക്കൊപ്പം ഏഴ് അറബ് രാജ്യങ്ങളിലെ പ്രതിനിധികളും കഴിഞ്ഞയാഴ്ച ജർമനിയിൽ വെച്ച് രഹസ്യ ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. യുഎസ് സെൻട്രൽ കമാൻഡിന്റെ മേൽനോട്ടത്തിൽ നടന്ന ഈ യോഗത്തിൽ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയെങ്കിലും അറബ് രാജ്യങ്ങൾ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് അമേരിക്ക സന്ദർശിക്കുന്നതിന് മുന്നോടിയായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബസ് അരഗ്ച്ചി ചൈന സന്ദർശിക്കും. പശ്ചിമേഷ്യയിലെ പ്രതിസന്ധി ഇന്ധന വിലയിലൂടെ ചൈനയ്ക്കും സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരുന്നു.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചർച്ചകൾ ഈ സന്ദർശന വേളയിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങളിൽ ഹൂതി വിമതരുടെ ആക്രമണമുണ്ടായതിനെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുകയാണ്.
ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 109 ഡോളർ വരെ ഉയർന്ന ശേഷം നിലവിൽ 108 ഡോളറിലെത്തി നിൽക്കുന്നു. ഡബ്ല്യുടിഐ ക്രൂഡോയിൽ 104 ഡോളറിലും, യുഎഇയുടെ മർബൻ ക്രൂഡോയിൽ 123 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.
സൗദിയിലെ പ്രധാന എണ്ണ പൈപ്പ് ലൈൻ അടച്ചുപൂട്ടിയതും വിലക്കയറ്റത്തിന് ആക്കം കൂട്ടി. അതേസമയം, ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനക്ഷമമാകുമെന്നാണ് യുഎസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റ് അറിയിച്ചിരിക്കുന്നത്.
ലിബിയയിലെ ആഭ്യന്തര സംഘർഷത്തെത്തുടർന്ന് പ്രധാനപ്പെട്ട രണ്ട് ഓയിൽ ഫീൽഡുകളിൽ നിന്നുള്ള ഉൽപാദനവും നിലച്ചിട്ടുണ്ട്.
പലിശ നിരക്ക് വർധന ഉറപ്പായതോടെ അമേരിക്കയുടെ പത്തുവർഷത്തെ സർക്കാർ കടപ്പത്രങ്ങളിൽ നിന്നുള്ള യീൽഡ് രണ്ട് പതിറ്റാണ്ടിലെ ഉയർന്ന നിലവാരം രേഖപ്പെടുത്തി. ഫെഡ് ചെയർമാൻ കെവിൻ വാർഷ് പുതിയ പലിശ നയം പ്രഖ്യാപിക്കാനിരിക്കെ, 0.25 ശതമാനം വർധനവിനാണ് വിപണി സാധ്യത കൽപിക്കുന്നത്.
ഇത് വായ്പാച്ചെലവുകൾ ഇനിയും വർധിപ്പിക്കും. അമേരിക്കൻ ബോണ്ട് യീൽഡിലെ വർധനയും ക്രൂഡോയിൽ വിലക്കയറ്റവും ഇന്ത്യൻ ഓഹരി വിപണിയെയും പ്രതികൂലമായി ബാധിച്ചു.
സെൻസെക്സ് 1.04% ഇടിഞ്ഞ് 74,003.82 ലും നിഫ്റ്റി 1.19% നഷ്ടത്തിൽ 23,118.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ ഗ്ലോബൽ വിപണിയിലെ തളർച്ചയ്ക്കിടയിലും ഇന്ത്യൻ ഐടി ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

