തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയെ നായകനാക്കി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന പുതിയ തമിഴ് ചിത്രം ‘സീൻ’ റിലീസിനൊരുങ്ങുന്നു. വമ്പൻ ബഡ്ജറ്റിൽ വലിയ കാൻവാസിൽ ഒരുങ്ങുന്ന ഈ മാസ് ആക്ഷൻ എന്റർടെയ്നർ ദീപാവലി റിലീസായി നവംബർ 6ന് തിയറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു.
വിനായക ചതുർത്ഥി ആശംസകൾ നേർന്നുകൊണ്ട് പുറത്തുവിട്ട പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
സൂര്യയുടെ കരിയറിലെ 47-ാമത്തെ ചിത്രമാണിത്. മുൻ ചിത്രങ്ങളായ ‘ആവേശം’, ‘രോമാഞ്ചം’ എന്നിവയിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ ടൈറ്റിൽ ടീസറിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. നടി നസ്രിയ ഫഹദ് നായികയായി എത്തുന്ന ചിത്രത്തിൽ യുവതാരം നസ്ലെൻ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
നസ്ലെൻ വില്ലൻ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നതെന്ന തരത്തിലുള്ള ചർച്ചകൾ സിനിമ പ്രേമികൾക്കിടയിൽ സജീവമാണ്. ‘കറുപ്പ്’, ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷമെത്തുന്ന സൂര്യ ചിത്രമെന്ന നിലയിലും ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയാണ് ഈ സിനിമ സൃഷ്ടിച്ചിരിക്കുന്നത്.
മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സോണി മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
നടി ജ്യോതികയുടെ നിർമ്മാണ കമ്പനിയായ 2D എന്റർടൈൻമെന്റ്സ് / ഴഗരം സ്റ്റുഡിയോസ് ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാനമാണ് ചെന്നൈയിൽ വെച്ച നടന്ന പൂജ ചടങ്ങുകളോടെ ചിത്രത്തിന്റെ ജോലികൾ ആരംഭിച്ചത്.
കേരളത്തിലും ചിത്രീകരണം നടന്നിട്ടുള്ള ഈ സിനിമയിൽ ജോൺ വിജയ്, ആനന്ദ് രാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിനീത് ഉണ്ണി പാലോട് ഛായാഗ്രഹണവും അജ്മൽ സാബു എഡിറ്റിംഗും നിർവഹിക്കുന്നു.
അശ്വിനി കാലേ (പ്രൊഡക്ഷൻ ഡിസൈൻ), ചേതൻ ഡിസൂസ (സംഘട്ടനം), ശബരി (പിആർഒ) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

