സൗദി അറേബ്യ ലക്ഷ്യമാക്കി ഹൂതി വിമതർ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ ബാബ് അൽ മന്ദബ് ജലപാതയിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും പശ്ചിമേഷ്യൻ സുരക്ഷയ്ക്കും കടുത്ത വെല്ലുവിളിയാകുന്നു. ഹോർമൂസ് കടലിടുക്കിന് പിന്നാലെ ചെങ്കടലിലെ ബാബ് അൽ മന്ദബും അടച്ചുപൂട്ടുമോയെന്ന ആശങ്കയിലാണ് നിലവിൽ ലോക രാജ്യങ്ങൾ ഉള്ളത്.
കടലിടുക്കിൽ ഹൂതികൾ മൈനുകൾ സ്ഥാപിച്ചതായാണ് ലഭ്യമാകുന്ന വിവരം. ഇതിനുപുറമെ, കരയിൽ ട്രഞ്ചുകൾ നിർമ്മിച്ച് നിരീക്ഷണ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ പശ്ചാത്തലത്തിൽ മേഖലയിലെ ക്രമസമാധാന തകർച്ചയിലും കപ്പൽ ഗതാഗത തടസ്സത്തിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കടുത്ത ആശങ്കയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര സമുദ്ര പാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യം വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ എടുത്തുപറഞ്ഞു.
വ്യാപാര ആവശ്യങ്ങൾക്കായി ഈ ജലപാതയെ വലിയ തോതിൽ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് മേഖലയിലെ സംഘർഷങ്ങൾ സാമ്പത്തികപരമായും ഷിപ്പിംഗ് രംഗത്തും കനത്ത തിരിച്ചടിയാണ് സമ്മാനിക്കുന്നത്. സമുദ്ര പാതകൾ സുരക്ഷിതമാക്കാൻ ലോക രാജ്യങ്ങൾ ഒന്നിക്കണമെന്ന് ഖത്തറും ആവശ്യപ്പെട്ടിട്ടുണ്ട്.
ജലപാതകൾ അടച്ചിടുന്നത് സാധാരണ സംഭവമായി കാണാനാകില്ലെന്നും അത് ഖത്തറിനും അന്താരാഷ്ട്ര സമൂഹത്തിനും ഒരുപോലെ അസ്വീകാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം മാധ്യമ വിഭാഗം ഡയറക്ടർ വ്യക്തമാക്കി. ഹോർമുസ് അടഞ്ഞതിന്റെ കെടുതികളാണ് ഇപ്പോൾ ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
സമാധാന ശ്രമങ്ങൾക്ക് ലഭിക്കുന്ന ഒരു നിമിഷം പോലും പാഴാക്കില്ലെന്നും ബാബ് അൽ മൻദബ് കൂടി അടച്ചാൽ അത് താങ്ങാനാകില്ലെന്നും ഖത്തർ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടയിൽ, ഭൂഗർഭ ആണവ നിലയങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഇറാൻ നീക്കം നടത്തുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ആക്രമണങ്ങളിൽ നിന്നും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

