ഹരിയാനയിലെ ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ കാറിടിച്ച് വീഴ്ത്തിയ സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് പരിക്കേറ്റ യുവതി രംഗത്ത്. പ്രതികളെ അറസ്റ്റ് ചെയ്തതു കൊണ്ട് മാത്രം കാര്യമില്ലെന്നും അവർക്ക് കർശനമായ ശിക്ഷ ലഭിക്കണമെന്നും സിയ വ്യക്തമാക്കി.
നിലവിൽ പ്രതികൾക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങളിൽ താൻ പൂർണ്ണമായും സംതൃപ്തയല്ലെന്നും കടുത്ത ശിക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ഇത്തരം അതിക്രമങ്ങൾ ഇനിയും ആവർത്തിക്കപ്പെടുമെന്നും അവർ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.
‘‘പ്രതികൾക്കെതിരെ നിലവിൽ ചുമത്തപ്പെട്ട കുറ്റങ്ങളുടെ കാര്യത്തിൽ സംതൃപ്തയല്ല.
അറസ്റ്റ് ഇന്ന് നടന്നു. എന്നാൽ അടുത്ത ദിവസം അവർക്ക് ജാമ്യം കിട്ടിയാലോ? രണ്ടുപേരാണ് നിലവിൽ അറസ്റ്റിലായത്.
എന്നാൽ രണ്ടുപേർ കൂടി ആ വാഹനത്തിൽ ഉണ്ടായിരുന്നു. അവരെയും അറസ്റ്റ് ചെയ്യണം.
അല്ലെങ്കിൽ ഇത്തരത്തിലുള്ള കേസുകൾ ഇനിയും ആവർത്തിക്കും’’– സിയ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാൻ വേണ്ടി സംഭവം തെറ്റായ രീതിയിൽ ചിത്രീകരിക്കാൻ ശ്രമിച്ചു എന്ന തരത്തിലുള്ള ആരോപണങ്ങളെയും അവർ തള്ളിക്കളഞ്ഞു.
‘‘2022-ൽ ഡൽഹി മുനിസിപ്പൽ കോർപ്പറേഷിലേക്ക് (ആം ആദ്മി പാർട്ടി സ്ഥാനാർഥിയായി) ഞാൻ മത്സരിച്ചിരുന്നു. അതുകൊണ്ട് തന്നെ ധാരാളം ആളുകൾക്ക് തന്നെ അറിയാം.
കല്യാന്റേയും അയാളുടെ വക്കീലിന്റെയും പ്രസ്താവനകളിൽ നിന്ന് അവർ ഏത് തരം സമൂഹത്തിൽ നിന്നാണ് വരുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും’’– സിയ കൂട്ടിച്ചേർത്തു. പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് തടയാൻ എല്ലാ നിയമപരമായ നടപടികളും സ്വീകരിക്കുമെന്ന് യുവതിയുടെ അഭിഭാഷകൻ അഭിഷേക് ചൗഹാൻ അറിയിച്ചു.
അന്വേഷണം പൂർത്തിയാകുന്നതുവരെ പ്രതികളെ വിട്ടയക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ബൈക്ക് റൈഡറും കണ്ടന്റ് ക്രിയേറ്ററുമായ സിയ എന്ന യുവതിയെ കല്യാണും ലവ്നിഷും ചേർന്ന് കാറിൽ പിന്തുടർന്ന് ശല്യപ്പെടുത്തുകയും പിന്നീട് ബൈക്കിൽ കാറിടിപ്പിച്ച് വീഴ്ത്തുകയും ചെയ്തത്.
ബൈക്കിലെ ആക്ഷൻ ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ യുവതി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം വലിയ രീതിയിൽ ചർച്ചയായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

