അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ 7 വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കുകയുണ്ടായി.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ഉയർത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം, മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും അഭിഷേക് ശര്‍മയുടെ ബാറ്റിങ് മികവിന്റെയും കരുത്തിലാണ് ഇന്ത്യ 14.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിൽ അനായാസം മറികടന്നത്. 22 പന്തില്‍ 57 റണ്‍സെടുത്ത സഞ്ജുവാണ് മത്സരത്തിലെ ഇന്ത്യയുടെ ടോപ് സ്കോറർ.
അഭിഷേക് ശര്‍മ 19 പന്തില്‍ 39 റണ്‍സും നേടിയപ്പോൾ, ഇഷാന് കിഷന് 38 റണ്‍സുമായും തിലക് വര്‍മ 15 റണ്‍സുമായും പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ 11 റണ്‍സെടുത്ത് പുറത്താകുകയാണുണ്ടായത്.
അഫ്ഗാനിസ്ഥാന് വേണ്ടി റാഷിദ് ഖാന് 36 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തി. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഇന്ത്യൻ ഓപ്പണർമാർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ആദ്യ ഓവറിലെ രണ്ട് ബൗണ്ടറികളോടെയാണ് അഭിഷേക് റണ്ണവേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ മൂന്നോവർ പിന്നിടുമ്പോൾ സഞ്ജു 10 പന്തില്‍ 8 റണ്‍സും അഭിഷേക് 14 പന്തില്‍ 25 റണ്‍സുമാണ് നേടിയത്.
അസ്മത്തുള്ള ഒമര്‍സായി എറിഞ്ഞ അഞ്ചാം ഓവറിലാണ് സഞ്ജു തകർത്തടിക്കാൻ തുടങ്ങിയത്. ഒമര്‍സായിക്കെതിരെ മൂന്ന് ഫോറും ഒരു സിക്സും പറത്തിയ സഞ്ജു, മുഹമ്മദ് നബി എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ 3 സിക്സും രണ്ട് ഫോറും നേടി 19 പന്തില്‍ 47 റണ്‍സിലെത്തി.
പവര്‍പ്ലേയ്ക്ക് പിന്നാലെ അടുത്ത ഓവറില്‍ റാഷിദ് ഖാനെ സിക്സിന് പറത്തിയ അഭിഷേക്, അടുത്ത പന്തിൽ വീണ്ടും വലിയ ഷോട്ടിന് ശ്രമിക്കവെ പുറത്താകുകയായിരുന്നു. നാലു സിക്സും രണ്ട് ഫോറും സഹിതം 19 പന്തില്‍ 39 റണ്‍സാണ് താരം നേടിയത്.
അതേ ഓവറില്‍ റാഷിദിനെ ബൗണ്ടറി കടത്തി ടി20 ലോകകപ്പിനുശേഷമുള്ള തന്റെ ആദ്യ അര്‍ധസെഞ്ചുറി സഞ്ജു പൂർത്തിയാക്കി. എന്നാൽ അടുത്ത പന്തും സിക്സ് പറത്താനുള്ള ശ്രമത്തിനിടെ സഞ്ജു ബൗണ്ടറിയില്‍ മുഹമ്മദ് നബിക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
22 പന്തില്‍ 7 ഫോറും 4 സിക്സും അടക്കം 57 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഇരുവരും പുറത്തായ ശേഷം ശ്രേയസിനെയും റാഷിദ് മടക്കിയെങ്കിലും, തിലകും കിഷനും ചേർന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു.
അതിനിടെ, മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് എടുത്തത്. 37 റണ്‍സെടുത്ത ക്യാപ്റ്റൻ ഇബ്രാഹിം സര്‍ദ്രാനാണ് അവരുടെ ടോപ് സ്കോറര്‍.
ഡാര്‍വിഷ് റസൂലി 26ഉം, റാഷിദ് ഖാന് 28ഉം മുഹമ്മദ് നബി 20ഉം റണ്‍സ് നേടി. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡി 24 റണ്‍സിന് 3 വിക്കറ്റും അര്‍ഷ്ദീപ് സിംഗ് 35 റണ്‍സിന് 2 വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

