ഡിജിറ്റൽ പണമിടപാടുകളിൽ പുതിയ മാറ്റങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബാങ്കിംഗ് മേഖല. രാജ്യത്ത് ഒക്ടോബർ 15 മുതൽ 2000 രൂപയ്ക്ക് മുകളിലുള്ള ഓരോ വാണിജ്യ ഡിജിറ്റൽ ഇടപാടിനും (പി2എം) വ്യാപാരികളിൽ നിന്നും 0.4% നിരക്കിൽ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ബാങ്കുകൾ ഈടാക്കിത്തുടങ്ങും.
ഇതുപ്രകാരം 75,000 രൂപ വരെയുള്ള ഇടപാടുകൾക്ക് 0.4 ശതമാനവും അതിനുമുകളിലുള്ള ഏത് തുകയ്ക്കുമുള്ള ഇടപാടുകൾക്ക് 300 രൂപ എന്ന ഫ്ലാറ്റ് നിരക്കുമായിരിക്കും ബാധകമാവുക. ഫലത്തിൽ ഒരു ഇടപാടിന് പരമാവധി ഈടാക്കാവുന്ന എംഡിആർ തുക 300 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഈ ചാർജ് ഉപയോക്താക്കളിൽ നിന്നല്ല ഈടാക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഏകദേശം ആറര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ രൂപത്തിൽ ഈ സംവിധാനം തിരിച്ചെത്തുന്നത്.
2020 ജനുവരിയിലായിരുന്നു ഇതിനു മുൻപ് യുപിഐ എംഡിആർ ചാർജുകൾ നിർത്തിവെച്ചിരുന്നത്. നിലവിലെ വ്യവസ്ഥകൾ പ്രകാരം 2,000 രൂപയിൽ താഴെയുള്ള വാണിജ്യ ഇടപാടുകൾക്ക് യാതൊരുവിധ ചാർജും ഈടാക്കില്ല.
കൂടാതെ, വ്യക്തികൾ തമ്മിൽ എത്ര വലിയ തുക കൈമാറുന്നതിനും (പി2പി) ഈ നിരക്കുകൾ ബാധകമല്ല. പ്രതിമാസം ഒരുലക്ഷം രൂപ വരെ യുപിഐ ക്യുആർ കോഡ് വഴി വരുമാനമായി സ്വീകരിക്കുന്ന ചെറുകിട
വ്യാപാരികളെ (പി2പിഎം) ഈ എംഡിആർ ചാർജിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. ഇത്തരക്കാർക്ക് ജിഎസ്ടി റജിസ്ട്രേഷൻ നിർബന്ധവുമല്ല.
എന്നാൽ തുടർച്ചയായി വരുന്ന മൂന്ന് മാസങ്ങളിൽ ഒരുലക്ഷം രൂപയിൽ കൂടുതൽ തുക അക്കൗണ്ടിൽ സ്വീകരിക്കുന്ന വ്യാപാരികൾക്ക് ഈ പുതിയ എംഡിആർ നിരക്കുകൾ നൽകേണ്ടിവരും. നിലവിൽ ക്രെഡിറ്റ് കാർഡുകൾക്ക് 1.5% മുതൽ 2.5% വരെയും ഡെബിറ്റ് കാർഡുകൾക്ക് 0.9% വരെയുമാണ് ചാർജ് ഈടാക്കുന്നത് എന്നത് ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്.
ഈ പുതിയ സാമ്പത്തിക ഭാരം ഉപയോക്താവിന്റെ തലയിൽ നേരിട്ട് വന്നുചേരുമോ എന്ന ആശങ്ക ശക്തമാണ്. ഉപയോക്താവിൽ നിന്ന് നേരിട്ട് അധികചാർജായി ഇത് ഈടാക്കാൻ വ്യാപാരികൾക്ക് അനുവാദമില്ല.
എങ്കിലും പരോക്ഷമായ രീതിയിൽ ഉപയോക്താക്കളിലേക്ക് ഈ ബാധ്യത എത്തുവാൻ സാധ്യതയുണ്ട്. മികച്ച ബിസിനസ്സ് വളർച്ചയ്ക്കായി ചെറിയ തോതിലുള്ള ഡിജിറ്റൽ പേയ്മെന്റ് ചെലവുകൾ വ്യാപാരികൾ തന്നെ സ്വയം വഹിക്കാറാണ് പതിവെന്ന് സർക്കാർ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയിൽ ഈ അധിക നിരക്കുകൾ പരോക്ഷമായി ഉൾപ്പെടുത്തിയേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
എന്നിരുന്നാലും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളെ അപേക്ഷിച്ച് നിരക്കുകൾ കുറവായതിനാൽ വ്യാപാരികൾ യുപിഐ സംവിധാനം തന്നെ തുടർന്നും പ്രയോജനപ്പെടുത്തുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

