വരാനിരിക്കുന്ന അന്താരാഷ്ട്ര കായികമേളകൾക്ക് മുന്നോടിയായി മലേഷ്യൻ അത്ലറ്റിക്സ് ടീം തലസ്ഥാനത്ത് നടത്തിയ ഒരു മാസം നീണ്ട തീവ്രപരിശീലന പരിപാടികൾ പൂർത്തിയായി.
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) തിരുവനന്തപുരം കേന്ദ്രത്തിലായിരുന്നു വിദേശ താരങ്ങളുടെ ക്യാമ്പ് സംഘടിപ്പിച്ചത്. സെപ്റ്റംബർ 10-ന് പരിശീലന ക്യാമ്പ് ഔദ്യോഗികമായി അവസാനിച്ചു.
മുൻ ഇന്ത്യൻ പരിശീലകൻ മുഹമ്മദ് അസറുദ്ദീന്റെ നേരിട്ടുള്ള ശിക്ഷണത്തിലാണ് 800 മീറ്റർ താരം വാൻ മുഹമ്മദ് ഫാസ്രി, 400 മീറ്റർ/800 മീറ്റർ താരം ഉമർ ഉസ്മാൻ എന്നീ മലേഷ്യൻ മധ്യ-ദീർഘദൂര ഓട്ടക്കാർ സായിയിലെ അന്താരാഷ്ട്ര ട്രാക്കിൽ പരിശീലനം നടത്തിയത്. മലേഷ്യൻ അത്ലറ്റിക്സ് ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.
അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ നൽകിയ അഭ്യർത്ഥന പ്രകാരം ജൂലൈ മാസത്തിലാണ് താരങ്ങൾക്ക് ആവശ്യമായ താമസം, ഭക്ഷണം, പരിശീലന സൗകര്യങ്ങൾ എന്നിവ തിരുവനന്തപുരം സായ് ഒരുക്കിയത്. ഇതിനായി സായിക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നില്ല.
ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കാനിരിക്കുന്ന 2026 ഏഷ്യൻ ഗെയിംസ് ലക്ഷ്യമിട്ട് ഇന്ത്യയിലെ അത്യാധുനിക സായ് കേന്ദ്രങ്ങൾ വിദേശ രാജ്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം. നേപ്പാളിൽ നിന്നുള്ള ബോക്സിങ് താരങ്ങൾ സായ് ഗുവാഹത്തിയിലും, ഇറാനിയൻ കബഡി സംഘം സായ് സോനെപത്തിലും നേരത്തെ പരിശീലനം നടത്തിയിരുന്നു.
2020 മുതൽ 2025 വരെ താൻ ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലന വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നുവെന്ന് മലേഷ്യൻ കോച്ച് മുഹമ്മദ് അസറുദ്ദീൻ പറഞ്ഞു. തുടർന്ന് സായ് ബാംഗ്ലൂർ കേന്ദ്രത്തിൽ നിന്ന് രാജിവെച്ചാണ് മലേഷ്യൻ അത്ലറ്റിക്സ് ഫെഡറേഷനിലേക്ക് മാറുന്നത്.
“അതുകൊണ്ട് തന്നെ ഇന്ത്യയിൽ പരിശീലനത്തിന് വരുന്നത് സ്വാഭാവികമായ കാര്യമാണ്. ഇവിടുത്തെ സൗകര്യങ്ങൾ വളരെ മികച്ചതാണെന്ന് എനിക്കറിയാം.
മലേഷ്യൻ അത്ലറ്റിക്സിന് ഇവിടെ പരിശീലനം നേടുന്നത് നല്ലൊരു അവസരമാണ്. ആദ്യത്തെ ലക്ഷ്യം എക്സ്പോഷറാണ്, ഇന്ത്യൻ നിലവാരം എന്താണെന്ന് അറിയുക.
രണ്ടാമത്തേത് ഇന്ത്യൻ താരങ്ങൾക്കൊപ്പം പരിശീലിക്കുകയും മത്സരിക്കുകയും ചെയ്യുക എന്നതാണ്. അത് അവർക്ക് കൂടുതൽ ഗുണം ചെയ്യും.
യൂറോപ്യൻ രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നതിനേക്കാൾ ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യയിൽ തന്നെ പരിശീലിക്കുന്നതാണ് പ്രധാനം. കാരണം ഏഷ്യൻ ഗെയിംസാണ് ഞങ്ങൾക്ക് മുൻഗണന,” എന്ന് അദ്ദേഹം വ്യക്തമാക്കി.
പരിശീലന കാലയളവിനിടയിൽ ഇന്ത്യയിലെ മത്സരങ്ങളിൽ പങ്കെടുക്കാനും മലേഷ്യൻ താരങ്ങൾക്ക് അവസരം ലഭിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 22-ന് ഭുവനേശ്വറിൽ നടന്ന വേൾഡ് അത്ലറ്റിക്സ് കോണ്ടിനെന്റൽ ടൂർ – സിൽവർ ലെവൽ മീറ്റിൽ ഇരുവരും ട്രാക്കിലിറങ്ങിയിരുന്നു.
ഇന്ത്യയെ പ്രതിനിധീകരിച്ച പ്രമുഖ ഒളിമ്പ്യൻമാർ പരിശീലിച്ച തിരുവനന്തപുരം സായ് കേന്ദ്രം ഏറെ പ്രത്യേകതയുള്ള ഒന്നാണെന്നും, മലേഷ്യൻ-ഇന്ത്യൻ അത്ലറ്റിക്സ് തമ്മിൽ പങ്കുവെച്ച കായിക സംസ്കാരം താരങ്ങൾക്ക് ജീവിതകാലം മുഴുവൻ പ്രയോജനപ്പെടുന്ന അനുഭവമായിരിക്കുമെന്നും അസറുദ്ദീൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

