ടാറ്റാ ഗ്രൂപ്പിന് കീഴിലെ ഒട്ടുമിക്ക കമ്പനികളുടെയും ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് വമ്പൻ മുന്നേറ്റത്തിലാണ്. ടാറ്റ കെമിക്കൽസ് ഓഹരിവില 20% കുതിച്ച് 734.5 രൂപയെന്ന അപ്പർ-സർക്യൂട്ടിലെത്തി.
ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ (+12.41%), ടിസിഎസ് (+4.5%), ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് (+4.11%), ടാറ്റ എൽക്സി (+3.86%), ടാറ്റ ടെക്നോളജീസ് (+1.94%), ടാറ്റ കമ്യൂണിക്കേഷൻസ് (+1.95%), ടാറ്റ പവർ (+1.01%), ടാറ്റാ സ്റ്റീൽ (+0.71%) എന്നിങ്ങനെയും നേട്ടത്തിലാണ്. ടൈറ്റൻ, ട്രെന്റ്, നെൽകോ, തേജസ് നെറ്റ്വർക്സ്, ടാറ്റ ക്യാപിറ്റൽ, ടാറ്റ മോട്ടോഴ്സ് എന്നിവ 0.26-3.61% വരെ നഷ്ടത്തിലും വ്യാപാരം ചെയ്യുന്നു.
ടാറ്റ സൺസ് പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) കളമൊരുങ്ങിയതാണ് ഒട്ടുമിക്ക ടാറ്റാ ഗ്രൂപ്പ് ഓഹരികളും ആഘോഷമാക്കിയത്. ടാറ്റാ സൺസിൽ ഓഹരി പങ്കാളിത്തമുള്ള ഷപൂർജി പലോൺജി ഗ്രൂപ്പിന് (എസ്പി ഗ്രൂപ്പ്) കമ്പനികളുടെ ഓഹരികളും കുതിച്ചുയർന്നു.
അഫ്കോൺ ഇൻഫ്രാസ്ട്രക്ചർ 20%, ഫോബ്സ് ആൻഡ് കമ്പനി 20%, ഗോകക് ടെക്സ്റ്റൈൽസ് 10% എന്നിങ്ങനെ ഉയർന്ന് അപ്പർ-സർക്യൂട്ടിലാണുള്ളത്. എന്തുകൊണ്ട് ടാറ്റാ ഓഹരിക്കുതിപ്പ്?
2022 സെപ്റ്റംബർ മുതൽ റിസർവ് ബാങ്കിന്റെ അപ്പർ-ലെയർ എൻബിഎഫ്സികളുടെ പട്ടികയിലാണ് ടാറ്റ സൺസുള്ളത്.
ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ മാതൃസ്ഥാപനമാണ് (ഹോൾഡിങ് കമ്പനി) ടാറ്റ സൺസ്. അപ്പർ-ലെയർ എൻബിഎഫ്സികൾ മൂന്നുവർഷത്തിനകം പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു.
ഇതുപ്രകാരം 2025 സെപ്റ്റംബർ 30നകം ടാറ്റ സൺസ് ലിസ്റ്റ് ചെയ്യേണ്ടതായിരുന്നു. എന്തുകൊണ്ട് ലിസ്റ്റിങ് നടന്നില്ല?
എൻബിഎഫ്സിയായി തുടരാനുള്ള സർട്ടിഫിക്കറ്റ് ഓഫ് റെജിസ്ട്രേഷൻ (സിഒആർ) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടാറ്റ സൺസ് റിസർവ് ബാങ്കിന് അപേക്ഷ നൽകിയിരുന്നു.
ഇതിന്മേൽ റിസർവ് ബാങ്കിന്റെ തീരുമാനം വരാത്തതിനാലാണ് ടാറ്റ സൺസിന്റെ ഐപിഒ നടക്കാതിരുന്നത്. ഒരുലക്ഷം കോടി രൂപയ്ക്കുമേൽ ആസ്തിമൂല്യമുള്ള അപ്പർ-ലെയർ എൻബിഎഫ്സികൾ നിർബന്ധമായും ഐപിഒ നടത്തി ലിസ്റ്റ് ചെയ്യണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദേശം.
2026 മാർച്ച് 31ലെ കണക്കുപ്രകാരം ടാറ്റ സൺസിന് 2.01 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ റിസർവ് ബാങ്കിന്റെ പുതുക്കിയ അപ്പർലെയർ എൻബിഎഫ്സി പട്ടികയിലും ടാറ്റ സൺസ് ഇടംപിടിച്ചു.
പിന്നാലെ അടുത്തിടെ സിഒആർ റദ്ദാക്കാനുള്ള അപേക്ഷയും തള്ളിയതോടെയാണ് ഐപിഒയ്ക്കുള്ള സാധ്യത ഒരുങ്ങുന്നത്. കാത്തിരിക്കുന്നത് വൻ നേട്ടം
ടാറ്റാ സൺസ് ഐപിഒ നടത്തി ഓഹരി വിപണിയിൽ എത്തിയാൽ നിലവിലെ ഓഹരി ഉടമകൾക്കും ടാറ്റാ സൺസിന് കീഴിലെ ലിസ്റ്റഡ്, അൺലിസ്റ്റഡ് കമ്പനികൾക്കും സാമ്പത്തികമായി കോളടിക്കും; ഇതാണ് ഓഹരികളുടെ കുതിപ്പിന് വഴിവച്ചത്.
ടാറ്റാ സൺസിൽ ഓഹരി പങ്കാളിത്തമുള്ള എസ്പി ഗ്രൂപ്പിനും വലിയ നേട്ടമുണ്ടാകും. കാരണങ്ങൾ ഇങ്ങനെ: (i) ടാറ്റ സൺസിൽ 66% ഓഹരി പങ്കാളിത്തം ടാറ്റാ ട്രസ്റ്റ്സിനാണ്.
എസ്പി ഗ്രൂപ്പിന് 18.37%. ടാറ്റ ഗ്രൂപ്പ് കമ്പനികൾക്ക് 13 ശതമാനവുമുണ്ട്.
(ii) ടാറ്റാ സൺസിന്റെ കീഴിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം 11.89 ലക്ഷം കോടി രൂപ വരും.
(iii) ടാറ്റ സൺസിന് 10 ലക്ഷം കോടി രൂപ വിപണിമൂല്യമുണ്ടെന്ന് കരുതുക.
നിലവിലെ ചട്ടപ്രകാരം 2.5% ഓഹരികളെങ്കിലും ഐപിഒ വഴി വിറ്റഴിക്കേണ്ടിവരും. അതായത് 25,000 കോടി രൂപയുടെ ഐപിഒ പ്രതീക്ഷിക്കാം.
(iv) വിപണിമൂല്യം 10 ലക്ഷം കോടി രൂപ കണക്കാക്കുമ്പോൾതന്നെ, ടാറ്റ സൺസിൽ ടാറ്റ ട്രസ്റ്റ്സിനുള്ള ഓഹരികളുടെ മൂല്യം 6.6 ലക്ഷം കോടി രൂപയാകും.
സർ ദോറാബ്ജി ടാറ്റ ട്രസ്റ്റിന് 27.98% ഓഹരി പങ്കാളിത്തമുണ്ട് – മൂല്യം 2.80 ലക്ഷം കോടിയെന്ന് അനുമാനിക്കാം. സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെ 23.56 ശതമാനം ഓഹരിക്ക് 2.36 ലക്ഷം കോടി രൂപയും.
(v) എസ്പി ഗ്രൂപ്പിന്റെ 18.37% ഓഹരികൾ ഏറക്കുറെ പൂർണമായി അവർ വിറ്റൊഴിഞ്ഞേക്കാം.
നിലവിലെ കടബാധ്യത തീർക്കാൻ ടാറ്റ സൺസ് ഐപിഒ വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു എസ്പി ഗ്രൂപ്പ്. അവരുടെ ഓഹരി പങ്കാളിത്തതിന് 1.84 ലക്ഷം കോടി രൂപ മൂല്യം പ്രതീക്ഷിക്കാം.
(vi) ടാറ്റ സൺസിൽ 13% ഓഹരി പങ്കാളിത്തമുള്ള ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ടാറ്റ കെമിക്കൽസ് എന്നിവയുടെ സംയോജിത വിപണിമമൂല്യം 1.3 ലക്ഷം കോടി രൂപയാകും.
ടാറ്റ കെമിക്കൽസിന് നിലവിൽ 18,700 കോടി രൂപയാണ് വിപണിമൂല്യം. ഇത് ടാറ്റ സൺസ് ലിസ്റ്റ് ചെയ്യുന്നതോടെ 25,000 കോടി രൂപ കവിയാം.
(vii) ഐപിഒയിൽ ‘ലോട്ടറി’യടിക്കുന്ന മറ്റൊരാൾ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയാണ്.
അദ്ദേഹത്തിന്റെ കൈവശമുള്ള 4058 ഓഹരികളുടെ മൂല്യം 10,000 കോടി രൂപ കവിയാം. അർധസഹോദരൻ ജിമ്മി ടാറ്റയ്ക്ക് 3262 ഓഹരികളുണ്ട്; പ്രതീക്ഷിത മൂല്യം 8100 കോടി രൂപയും.
എന്തുകൊണ്ട് ഐപിഒയെ നോയൽ എതിർക്കുന്നു?
ഐപിഒയിൽ 2.5% ഓഹരികൾ വിറ്റഴിക്കുന്നു എന്നതുകൊണ്ട് ടാറ്റയുടെ നിയന്ത്രണമൊന്നും നഷ്ടമാവില്ല. എന്നിട്ടും എന്തിനാണ് ടാറ്റ സൺസ് ഐപിഒയെ നോയൽ ടാറ്റയടക്കം എതിർക്കുന്നത്? – ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്താൽ സെബി, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ എന്നിവയുടെ ചട്ടം പാലിക്കാൻ ടാറ്റ സൺസും നിർബന്ധിതരാകും.
പുതിയ പദ്ധതികൾ, നിക്ഷേപങ്ങൾ, നിയമനങ്ങൾ തുടങ്ങി എല്ലാ പുതിയ തീരുമാനങ്ങളും ചട്ടപ്രകാരം വെളിപ്പെടുത്തേണ്ടിവരും. പല തീരുമാനങ്ങൾക്കും പൊതു ഓഹരി ഉടമകളുടെയും അനുമതി തേടേണ്ട
സ്ഥിതിവരും. കണക്കുകൾ, മൂലധനനിക്ഷേപം തുടങ്ങിയവ പരസ്യമാക്കേണ്ടിവരും.
ഇതെല്ലാം ഒഴിവാക്കി ‘പ്രൈവറ്റ്’ കമ്പനിയായി ടാറ്റ സൺസിനെ നിലനിർത്താനാണ് നോയൽ ടാറ്റയ്ക്ക് താൽപ്പര്യം. ടാറ്റ കോടതിയിലേക്ക്?
സർട്ടിഫിക്കറ്റ് ഓഫ് റെജിസ്ട്രേഷൻ (സിഒആർ) റദ്ദാക്കണമെന്ന ആവശ്യം തള്ളിയ റിസർവ് ബാങ്ക് നടപടിക്കെതിരെ ടാറ്റ സൺസ് നിയമപ്പോരാട്ടം തുടങ്ങാനുള്ള സാധ്യത നിരീക്ഷകർ തള്ളുന്നില്ല.
ഐപിഒ ഏതുവിധേനയും ഒഴിവാക്കാൻ ടാറ്റ സൺസ് ശ്രമിച്ചേക്കാം. കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടാകാനുള്ള സാധ്യതയും ചിലർ കാണുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

