തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കർശന നിലപാടുമായി ക്രൈംബ്രാഞ്ച് മുന്നോട്ട്.
കേസിൽ മൊഴി നൽകാനായി പിഎസ്സി അംഗങ്ങൾ നേരിട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് അന്വേഷണ സംഘം. ഇതുസംബന്ധിച്ച് ഐജി അജിത ബീഗം പിഎസ്സി അംഗങ്ങൾക്ക് ഔദ്യോഗികമായി കത്ത് നൽകും.
ക്രിമിനൽ നടപടിക്രമങ്ങൾ പ്രകാരം പിഎസ്സി കമ്മീഷൻ അംഗങ്ങൾക്ക് പ്രത്യേക ഇളവുകളോ പരിഗണനകളോ നൽകുന്നില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ ഔദ്യോഗിക നിലപാട്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി പിഎസ്സി അംഗങ്ങൾ നേരത്തെ മറുപടി നൽകിയിരുന്നു.
നിയമസഭാ സമിതികൾ വിളിച്ചുവരുത്തിയപ്പോൾ പോലും തങ്ങൾ പോയിട്ടില്ലെന്ന വിശദീകരണമാണ് പിഎസ്സി മുന്നോട്ടുവെക്കുന്നത്. എന്നാൽ നിയമസഭാ സമിതിയുടെ പ്രവർത്തനങ്ങളും ക്രിമിനൽ കേസ് അന്വേഷണവും തികച്ചും വ്യത്യസ്തമായി കാണണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ശക്തമായ മറുപടി.
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേഡിൽ ഔദ്യോഗികമായി കേസെടുത്തെങ്കിലും ഇതുവരെ ആരെയും പ്രതിയായി ചേർത്തിട്ടില്ല. വിവരശേഖരണത്തിന്റെ പ്രാരംഘട്ടമെന്ന നിലയിൽ ആദ്യഘട്ടത്തിൽ നാല് അംഗങ്ങളുടെയും തുടർന്ന് ചെയർമാന്റെയും മൊഴിയെടുക്കാനായിരുന്നു ക്രൈംബ്രാഞ്ച് പദ്ധതിയിട്ടിരുന്നത്.
ഇതിന്റെ ഭാഗമായി ഇന്നുമുതൽ ഹാജരാകാൻ ആവശ്യപ്പെട്ട് നാല് അംഗങ്ങൾക്ക് നോട്ടീസ് അയച്ചിരുന്നു. എങ്കിലും, ചോദ്യംചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്ന് പിഎസ്സി യോഗം ചേർന്ന് തീരുമാനമെടുക്കുകയായിരുന്നു.
പകരം, പിഎസ്സി ആസ്ഥാനത്ത് നേരിട്ടെത്തി മൊഴിയെടുക്കുകയാണെങ്കിൽ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാമെന്നാണ് പിഎസ്സി അധികൃതർ ഐജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ, പിഎസ്സി സെക്രട്ടറിയെ നിയമസഭാ പെറ്റീഷൻ കമ്മിറ്റി വിളിച്ചുവരുത്താൻ ശ്രമിച്ചപ്പോൾ ഹൈക്കോടതിയെ സമീപിക്കുകയും ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ ഹാജരാകേണ്ടതില്ലെന്ന കോടതി ഉത്തരവ് നേടുകയും ചെയ്തിരുന്നു.
ഈ മുൻകാല സംഭവങ്ങൾ ചൂണ്ടിക്കാണിച്ചാണ് ക്രൈംബ്രാഞ്ച് നോട്ടീസിനെതിരെ പിഎസ്സി പ്രതിരോധം തീർക്കുന്നത്. കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടയിലാണ് ഇരു വിഭാഗങ്ങൾ തമ്മിലുള്ള ഈ തർക്കം നിലനിൽക്കുന്നത്.
ഇതിനിടയിൽ, മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വിവാദ പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള രണ്ട് നിയമനങ്ങൾ പുനഃപരിശോധിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ഈ വിഷയങ്ങളിൽ പിഎസ്സി സ്വീകരിക്കുന്ന നിലപാട് കേസിൽ അതിനിർണായകമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

