നൂറ്റാണ്ടുകളുടെ ചരിത്രവും തനിമയും പേറുന്ന പൊന്ന്യം നേന്ത്രൻ പഴം പുതിയ വിപണിയിലേക്ക് എത്തുന്നു. നാടിന്റെ കാർഷിക പാരമ്പര്യം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി കതിരൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന ‘ഗ്രീൻ ഗോൾഡ് ബനാന’ പദ്ധതിയിലൂടെയാണ് പൊന്ന്യം നേന്ത്രൻ ലോകത്തിനു മുന്നിൽ പുതിയ ബ്രാൻഡായി അവതരിക്കുന്നത്.
ഉൽപ്പാദനവും വിപണനവും ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിലൂടെ കർഷകരെ വിവിധ ക്ലസ്റ്ററുകളായി തിരിച്ച് ശാസ്ത്രീയ കൃഷിരീതികൾ പരിശീലിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പൊന്ന്യം, ചുടങ്ങാപ്പൊയിൽ, കക്കറ, കുണ്ടുചിറ, പന്ന്യന്നൂർ, മൊകേരി തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി കൃഷി ചെയ്തുവരുന്ന നാടൻ വാഴയിനമാണ് പൊന്ന്യം നേന്ത്രൻ.
കാർഷിക രംഗത്തെ ഉണർവിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരമ്പരാഗത കർഷകരുടെ യോഗം സംഘടിപ്പിച്ചിരുന്നു. മൂന്നര നൂറ്റാണ്ടു മുൻപ് കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും പൊന്ന്യം ഏഴരക്കണ്ടത്തിൽ അങ്കംവെട്ടിയ കാലം മുതലേ ഇവിടത്തെ നേന്ത്രപ്പഴം പ്രശസ്തമാണെന്ന് പൊന്ന്യം 14ാം വാർഡ് കല്ലുമ്മൽ ഹൗസിലെ കെ.രവി (78) ഓർത്തെടുക്കുന്നു.
‘‘വലിയ ഡിമാന്റാണ് പൊന്ന്യം നേന്ത്രപ്പഴത്തിന്. പഴുത്താൽ നല്ല സ്വർണനിറം.
രുചിയും മധുരവും കേമം. ചിപ്സിനു തലശ്ശേരിയിലെ പ്രമുഖ ബേക്കറി ഇവിടത്തെ പഴം മാത്രമേ എടുക്കാറുള്ളൂ.
കനം കുറഞ്ഞ് തരിതരിയായ ചിപ്സ് പഴം കൊണ്ടേ ശരിയാവൂ’’ എന്ന് കുണ്ടുചിറയിലെ കർഷകനായ കെ.സി.ചന്ദ്രൻ (79) വ്യക്തമാക്കുന്നു. പൊനോൻ ഭരതൻ, ശശിധരൻ, എ.ടി.അസ്മ, ചെള്ളത്തു രവി, ശ്രീനിവാസൻ, പി.പവിത്രൻ, ഗൗരി, എ.പി.ജയേന്ദ്രൻ, കെ.നൂറുദ്ദീൻ തുടങ്ങിയവരും ചർച്ചയിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.
മഴയെ മാത്രം ആശ്രയിക്കാതെ എല്ലാ സീസണിലും കൃഷി വ്യാപിപ്പിക്കുന്നതിനായി കൃഷിക്കാർക്ക് പ്രത്യേക കാർഷിക കലണ്ടർ തയാറാക്കാൻ പഞ്ചായത്ത് പദ്ധതിയിടുന്നുണ്ട്. വിളവെടുക്കുന്ന പഴങ്ങൾ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി ‘കതിരൂർ ബ്രാൻഡി’ൽ വിപണിയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
മണ്ണുപരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ ഉൽപാദനശേഷി 50 ശതമാനം വരെ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

