തലച്ചോറിൽ മുഴയുണ്ടെന്നും ഏതാനും മാസങ്ങൾ മാത്രമേ ആയുസ്സുള്ളൂ എന്നും മുതിർന്ന അർബുദ വിദഗ്ധൻ ഇയാൻ ബ്രൗൺ 2012-ൽ വിധിയെഴുതുമ്പോൾ ബ്രിട്ടിഷ് വനിതയായ ബെക്കി ജോൺസിന് 21 വയസ്സ് മാത്രമായിരുന്നു പ്രായം. പൊലീസ് ഉദ്യോഗസ്ഥയാകാൻ ആഗ്രഹിച്ചിരുന്ന ആ കാലഘട്ടത്തിലാണ് അവളുടെ ഭാവി അനിശ്ചിതത്വത്തിലായത്.
പങ്കാളിയെ കണ്ടെത്തി അധികകാലം കഴിയും മുൻപേ ബെക്കിയുടെ ജീവിതം തകിടംമറിച്ച കീമോതെറാപ്പി ചികിത്സ ആരംഭിച്ചു. കടുത്ത മാനസിക ആഘാതത്തോടൊപ്പം ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകളും അവളെ വലച്ചു.
കുടുംബത്തിലെ ആഘോഷങ്ങളിൽ പങ്കെടുക്കാനോ സ്വന്തം കരിയർ സ്വപ്നങ്ങൾ പിന്തുടരാനോ സാധിച്ചില്ല. കടുത്ത ആശങ്കകളിലും അരക്ഷിതാവസ്ഥയിലുമായിരുന്നു പിന്നീട് അവളുടെ ഓരോ ദിവസവും കടന്നുപോയത്.
2024-ൽ ലഭിച്ച ഒരു ഔദ്യോഗിക സന്ദേശമാണ് ഈ സംഭവത്തിലെ വഴിത്തിരിവായത്. ഇയാൻ ബ്രൗൺ വിരമിച്ചതിനാൽ ചികിത്സ അവസാനിപ്പിക്കുകയാണെന്നറിയിച്ച ആ സന്ദേശത്തിലെ അസ്വാഭാവികതയാണ് അന്വേഷണത്തിലേക്ക് നയിച്ചത്.
തുടർന്ന് ബെക്കിയുടെ അഭിഭാഷക സംഘത്തിന്റെ മേൽനോട്ടത്തിൽ സ്വതന്ത്ര പരിശോധനകൾ നടത്തി. അർബുദ രോഗം ഇല്ലെന്നും മറിച്ച് സ്റ്റിറോയിഡുകൾ ഉപയോഗിച്ച് പൂർണ്ണമായും ഭേദമാക്കാൻ കഴിയുന്ന മസ്തിഷ്ക വീക്കമായിരുന്നു അതെന്നും 2025 മേയ് മാസത്തിൽ വ്യക്തമായി.
എന്നാൽ ഇതിനകം നീണ്ട പതിനൊന്ന് വർഷങ്ങളാണ് കടന്നുപോയിരുന്നത്.
അനാവശ്യമായി അർബുദ ചികിത്സ നിർദേശിച്ച കോവെൻട്രിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ആൻഡ് വാർവിക്ഷയർ (UHCW) എൻഎച്ച്എസ് ട്രസ്റ്റിനെതിരെ നിയമനടപടി സ്വീകരിച്ച നാൽപ്പതിലധികം ആളുകളിൽ രണ്ട് കുട്ടികളുടെ അമ്മയായ ബെക്കിയും ഉൾപ്പെടുന്നു. കഠിനമായ മൈഗ്രേൻ അനുഭവപ്പെട്ടതിനെത്തുടർന്നാണ് ബെക്കി ജോൺസ് ചികിത്സ തേടിയത്.
തുടർന്ന് ഡോക്ടർമാർ അവളെ ബ്രെയിൻ ബയോപ്സിക്ക് വിധേയയാക്കി. എന്നാൽ പരിശോധനാ ഫലം പുറത്തുവരുന്നതിന് മുൻപ് തന്നെ, തലച്ചോറിലെ മാരകമായ അർബുദമായ ഗ്ലിയോബ്ലാസ്തോമയാണെന്ന് കോവെൻട്രിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ കണ്സള്ട്ടന്റ് പ്രൊഫസർ ഇയാൻ ബ്രൗൺ രോഗനിർണ്ണയം നടത്തുകയായിരുന്നു എന്ന് ബ്രാബ്നേഴ്സ് നിയമ സ്ഥാപനത്തിലെ പങ്കാളിയായ ഫിയോണ ടിൻസ്ലി വ്യക്തമാക്കി.
ജീവിതകാലം മുഴുവൻ ടെമോസോളോമൈഡിന് എന്ന കീമോതെറാപ്പി മരുന്ന് കഴിക്കേണ്ടി വരുമെന്നാണ് ഇയാൻ ബ്രൗൺ തന്നോട് പറഞ്ഞിരുന്നതെന്ന് ബെക്കി ജോൺസ് ഓർക്കുന്നു. ഒന്നിലധികം സ്കാൻ റിപ്പോർട്ടുകളിൽ മുഴയുടെ യാതൊരുവിധ സാന്നിധ്യവും കാണാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത് നഗ്നനേത്രങ്ങൾക്ക് ദൃശ്യമല്ലെന്ന വിചിത്ര മറുപടിയാണ് ലഭിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
വർഷങ്ങളോളം കീമോതെറാപ്പി മരുന്നുകൾ ഉപയോഗിക്കേണ്ടി വന്നത് കടുത്ത ഓക്കാനം, അതിശക്തമായ ക്ഷീണം, ആരോഗ്യത്തെക്കുറിച്ചുള്ള തുടർച്ചയായ ഭയം തുടങ്ങിയ ഗുരുതരമായ പാർശ്വഫലങ്ങൾക്ക് കാരണമായി. എനിക്ക് ഒരിക്കലും തലച്ചോറിൽ മുഴയുണ്ടായിരുന്നില്ല.
തെറ്റായ രോഗനിർണ്ണയം കാരണം എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട യൗവനകാലമാണ് നഷ്ടപ്പെട്ടത്.
അദ്ദേഹം എന്റെ ജീവിതം തകർത്തു കളഞ്ഞു എന്ന് ബെക്കി ജോൺസ് പറഞ്ഞു. വിദഗ്ധ ഡോക്ടർമാരുടെ സംഘം നടത്തിയ പ്രാഥമിക പരിശോധനയിൽ സമാനമായ രീതിയിൽ പല രോഗികൾക്കും വർഷങ്ങളോളം അനാവശ്യമായി മരുന്നുകൾ നൽകിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

