2000 രൂപ വരെയുള്ള യുപിഐ (UPI) ഇടപാടുകൾക്ക് ബാങ്കുകളോ പേമെന്റ് പ്ലാറ്റ്ഫോമുകളോ യാതൊരുവിധ ചാർജുകളും ഈടാക്കാൻ പാടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഉത്തരവ്. ജനപ്രിയ റുപേ (RuPay) ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള 2000 രൂപ വരെയുള്ള പണമിടപാടുകൾക്കും ഈ ഇളവ് ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
യുപിഐ ഇടപാടുകൾക്ക് അധിക ഫീസ് ഏർപ്പെടുത്തുന്നുവെന്ന തരത്തിൽ വ്യാപകമായി വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നിർണായക നിലപാട് പുറത്തുവന്നിരിക്കുന്നത്. പാർലമെന്റ് അടുത്തിടെ പാസാക്കിയ നിയമഭേദഗതി ഡിജിറ്റൽ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനാണെന്ന തരത്തിൽ പ്രതിപക്ഷം വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
കഴിഞ്ഞ വർഷത്തെ മൊത്തം യുപിഐ ഇടപാടുകളിൽ 2000 രൂപയിൽ കൂടുതൽ തുക വന്നിട്ടുള്ളത് വെറും നാല് ശതമാനം ഇടപാടുകളിൽ മാത്രമാണ്. എങ്കിലും, ആകെ യുപിഐ ഇടപാട് തുകയുടെ മൂന്നിൽ രണ്ടും ഈ നാല് ശതമാനത്തിൽ മാത്രമാണ് നടന്നിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.
വൻകിട വ്യാപാരികളിൽ നിന്നും ഇലക്ട്രോണിക് പേയ്മെന്റുകൾ സ്വീകരിക്കുന്നതിന് ‘മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്’ (MDR) ഈടാക്കുന്നതിന് വഴിയൊരുക്കിക്കൊണ്ട് പാർലമെന്റ് കഴിഞ്ഞ മാസം പാസാക്കിയ ‘ടാക്സേഷൻ ആൻഡ് അദർ ലോസ് (ഭേദഗതി) ബിൽ, 2026’ പ്രകാരമുള്ള ഭേദഗതികൾ ഇതിനോടകം പ്രാബല്യത്തിൽ വന്നിരുന്നു.
ഇതിന് പിന്നാലെ ഉപഭോക്താക്കൾക്കിടയിലുണ്ടായ ആശങ്കകൾ പൂർണ്ണമായും പരിഹരിച്ചാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. സാധാരണക്കാർ നടത്തുന്ന ചെറിയ തുകയുടെ ഡിജിറ്റൽ ഇടപാടുകൾക്കും വ്യക്തികൾ തമ്മിൽ പരസ്പരം നടത്തുന്ന പണമിടപാടുകൾക്കും യാതൊരുവിധ അഡീഷണൽ ചാർജുകളും ബാധകമായിരിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു.
2007-ലെ ‘പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്’ സെക്ഷൻ 10എ-യിൽ വരുത്തിയ ഭേദഗതിയാണ് യുപിഐ ചാർജുകളെ സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടത്. 50 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വൻകിട
ബിസിനസ് സ്ഥാപനങ്ങൾ റൂപേ ഡെബിറ്റ് കാർഡ്, ഭീം യുപിഐ, യുപിഐ ക്യുആർ കോഡ് എന്നിവ വഴി പണം സ്വീകരിക്കുമ്പോൾ ബാങ്കുകൾ നൽകിയിരുന്ന ഇളവുകൾ പുതിയ നിയമത്തിലൂടെ ഒഴിവാക്കപ്പെട്ടിരുന്നു. ഇതിലൂടെ വൻകിട
ഡിജിറ്റൽ ഇടപാടുകളിൽ എംഡിആർ ചാർജുകൾ ഈടാക്കാൻ സർക്കാരിന് നിയമപരമായ അധികാരം ലഭിച്ചെങ്കിലും, സാധാരണ ജനങ്ങളെയും ചെറുകിട വ്യാപാരികളെയും ഈ ഭാരത്തിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ടെന്ന് ധനകാര്യ മന്ത്രാലയം ഉറപ്പുനൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

