കുണ്ടന്നൂർ ജംക്ഷനിൽ വൈറ്റില ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കായി ഒരുക്കിയിട്ടുള്ള സർവീസ് റോഡിൽ വലിയ കുഴി രൂപപ്പെട്ടത് യാത്രക്കാരിൽ ആശങ്ക പരത്തുന്നു. ഏകദേശം 5 മീറ്റർ വ്യാസവും ഒരടിയോളം ആഴവുമുള്ള കുഴിയാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്.
സ്കൂട്ടർ ഉൾപ്പെടെയുള്ള ഇരുചക്ര വാഹനങ്ങൾ ശ്രദ്ധയോടെ കടന്നുപോയില്ലെങ്കിൽ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്. സർവീസ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് അധികൃതർ ഇവിടെ ടൈൽ വിരിക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചിരുന്നു.
എന്നാൽ ഇതിന്റെ പണികൾ പൂർത്തിയാക്കാതെ നിർത്തിവെച്ചതാണ് വലിയ കുഴിയായി മാറിയത്. നിലവിൽ റോഡ് വെട്ടിപ്പൊളിച്ച അവസ്ഥയിലാണ്.
മഴക്കാലത്ത് വെള്ളക്കെട്ട് കാരണം കുഴിയുടെ ആഴം മനസ്സിലാക്കാൻ കഴിയാതെ ഇരുചക്ര വാഹന യാത്രികർ ഇവിടെ അപകടത്തിൽപ്പെടുന്നുണ്ട്. ഈ ഗുരുതരമായ പ്രശ്നം എൻഎച്ച്എഐ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു.
വലിയ ദുരന്തങ്ങൾ സംഭവിക്കുന്നതിന് മുൻപ് അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

