ആലപ്പുഴ ജില്ലയിലെ കായംകുളത്ത് കെപി റോഡിലുണ്ടായ വാഹനാപകടത്തിൽ പത്ത് വയസുകാരി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. സ്വകാര്യ ബസ് ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഈ മേഖലയിൽ സ്വകാര്യ ബസുകളുടെ അമിത വേഗം തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാർ ശക്തമായി ഉന്നയിക്കുന്നുണ്ട്. ചെട്ടികുളങ്ങര സ്വദേശിനിയായ ശ്രീഭദ്ര എന്ന പത്ത് വയസുകാരിയാണ് ഇന്നലെ സന്ധ്യയ്ക്ക് കെപി റോഡിൽ കാദിശ പള്ളിക്ക് സമീപം ഉണ്ടായ ദാരുണമായ അപകടത്തിൽ മരണപ്പെട്ടത്.
അച്ഛൻ ശ്രീകാന്തിനൊപ്പം ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ശ്രീഭദ്ര. ഈ സമയം പിന്നാലെയെത്തിയ ഹരിശ്രീ ബസ് ബൈക്കിന്റെ പിൻവശത്ത് ഇടിക്കുകയായിരുന്നു.
തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ശ്രീഭദ്രയുടെ തുടയിലൂടെ ബസ് കയറിയിറങ്ങി അമിതമായി രക്തം വാർന്നാണ് മരണം സംഭവിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസ് ഇടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടിരുന്നു.
സ്വകാര്യ ബസുകളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും തടയാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. അപകടത്തിന് കാരണക്കാരനായ ബസിന്റെ ഡ്രൈവർക്കെതിരെ ഇതിനോടകം പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതിയുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

