തിരുവനന്തപുരത്തുനിന്നും നഴ്സിങ് പഠനത്തിനായി ബെംഗളൂരുവിലെത്തിയ തിരുവനന്തപുരം മലയിൻകീഴ് സ്വദേശി സൂര്യ, ആറുമാസം മുൻപാണ് ഡൽഹിയിലെത്തി നോയിഡയിലെ ആഡംബര ഫ്ലാറ്റിലെ ലഹരി സംഘത്തോടൊപ്പം ചേർന്നത്. തുടർന്ന് സംസ്ഥാനത്തേക്ക് ലഹരി കടത്തുന്ന സംഘത്തിലെ നിർണായക കണ്ണികളിൽ ഒരാളായി മാറുകയായിരുന്നു.
മലപ്പുറം നിലമ്പൂർ സ്വദേശി അജ്മൽ, തിരുവനന്തപുരം മലയിൻകീഴ് സ്വദേശി സൂര്യ എന്നിവരെ കഴിഞ്ഞ ദിവസമാണ് എസ്ഐ അർജുൻന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നു മാസത്തെ തുടർച്ചയായ അന്വേഷണത്തിനൊടുവിൽ നോയിഡയിൽ നിന്നും പിടികൂടിയത്. ബെംഗളൂരുവിൽ വച്ചാണ് സൂര്യ അജ്മൽനെ പരിചയപ്പെട്ടതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
തുടർന്ന് ഇരുവരും ഒന്നിച്ചു താമസിച്ച് ലഹരിമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുകയും പിന്നീട് നോയിഡയിലേക്ക് താമസം മാറ്റുകയുമായിരുന്നു.
അജ്മൽനു നേരത്തെ മലപ്പുറം ജില്ലയിൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്ക് മറ്റ് ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും കാരിയർമാരെ ഉപയോഗിച്ചാണ് സംസ്ഥാനത്തേക്ക് ലഹരിമരുന്ന് വ്യാപകമായി കടത്തി വിൽപന നടത്തുന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ നിന്നെത്തി ഉത്തരേന്ത്യയിൽ നിന്നും സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങുന്ന ചില സംഘങ്ങളെ കരിയറാക്കുന്നത് അജ്മൽന്റെ നേതൃത്വത്തിലാണ്. ഇവർ വഴിയാണ് ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നത്.
വാഹനം ഡൽഹിയിലെ ഇവരുടെ കേന്ദ്രത്തിൽ എത്തിച്ചാൽ ലഹരിമരുന്ന് രഹസ്യ അറകളിൽ വച്ചുനൽകും. വാഹനം കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ എത്തിയാൽ ആർക്കാണ് വാഹനം കൈമാറുന്നതെന്നോ ലഹരിമരുന്ന് ആരാണ് വാങ്ങുന്നതെന്നോ അജ്മൽനും സംഘത്തിനും വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾ 4 മാസത്തിനിടെ 5 കോടിയോളം രൂപയുടെ കൈമാറ്റം നടത്തിയതായി വ്യക്തമായിട്ടുണ്ട്.
ഇതിൽ 17 ലക്ഷം രൂപ ഫ്രീസ് ചെയ്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മേയിൽ പന്തീരാങ്കാവിൽ നിന്നു രാസലഹരി പിടികൂടിയ സംഭവത്തിൽ മലപ്പുറം സ്വദേശികളായ പള്ളിക്കൽ ബസാർ ചാലിൽ കടവത്ത് വീട്ടിൽ മുഹമ്മദ് അർശലാൽ (25), ചേലേമ്പ്ര മേലേതൊടി വീട്ടിൽ ആദിൽഷാ (20), ഐക്കരപ്പടി കുറിയേടം അമ്പായത്തിങ്ങൽ വീട്ടിൽ മുഹമ്മദ് ഫർഹാൻ (22) എന്നിവരെ പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നോയിഡയിലെ രഹസ്യ കേന്ദ്രത്തെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിക്കുന്നത്. സൂര്യയുടെയും അജ്മൽന്റെയും കാരിയർമാരാണ് നേരത്തെ പിടിയിലായതെന്നും പൊലീസ് വ്യക്തമാക്കി.
അന്വേഷണത്തിൽ ഫറോക്ക് എസിപി സ്ക്വാഡ് അംഗങ്ങളായ സബീഷ്, അഖിൽ ബാബു, ഡാൻസാഫ് അംഗങ്ങളായ അതുൽ, ലതീഷ്, നല്ലളം പൊലീസ് സ്റ്റേഷനിലെ ഷമാന എന്നിവരും പങ്കെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

