തലയ്ക്കു പരുക്കേൽക്കുകയോ തലയ്ക്കും മൂക്കിനും ശസ്ത്രക്രിയ നടത്തുകയോ ചെയ്തവർക്കു ജലാശയങ്ങളിൽനിന്ന് രോഗബാധയേൽക്കാനുള്ള സാധ്യതയേറെയെന്ന് പഠനം വ്യക്തമാക്കുന്നു. സംസ്ഥാന ആരോഗ്യവകുപ്പും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ചേർന്ന് കഴിഞ്ഞ വർഷം നടത്തിയ പഠനത്തിലാണ് ഈ നിർണായക കണ്ടെത്തൽ പുറത്തുവന്നിരിക്കുന്നത്.
അതിനാൽ ഇത്തരം പരുക്കുകളുള്ളവരും ശസ്ത്രക്രിയയ്ക്ക് വിധേയരായവരും പൊതുജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർ കർശന നിർദ്ദേശം നൽകുന്നുണ്ട്. ഐസിഎംആർ ശാസ്ത്രജ്ഞൻ ഡോ.ജെറോമി തങ്കരാജ്, ഡോ.മനോജ് മുറേക്കർ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ വിദഗ്ധരും ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്.
താടിയെല്ല്, മുഖം എന്നിവിടങ്ങളിൽ പരുക്കേറ്റവർ, മൂക്കിനു ശസ്ത്രക്രിയ നടത്തിയവർ എന്നിവരിൽ സാധാരണ ജലാശയങ്ങളിൽ നിന്നുപോലും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമേ മുറിവുകളും വ്രണങ്ങളും സാധാരണ ജലാശയങ്ങളിലെ വെള്ളത്തിൽ കഴുകുക, ക്ലോറിനേഷൻ നടത്താത്ത കിണർ വെള്ളം ഉപയോഗിക്കുക, മൂക്കിലേക്ക് ശക്തിയായി വെള്ളം കയറ്റുക തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയും രോഗം പിടിപെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗബാധിതരായ വിവിധ വ്യക്തികളിൽ നടത്തിയ വിശകലനത്തിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. കേരളത്തിൽ 25.8% ആണ് അമീബിക് മസ്തിഷ്കജ്വരത്തിന്റെ മരണനിരക്കെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
നിലവിലുള്ള കാലാവസ്ഥാ സാഹചര്യങ്ങളിൽ രോഗവ്യാപനത്തിന് സാധ്യത കൂടുതലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നെഗ്ലേറിയ ഫൗളരി എന്ന അമീബ ബാധിച്ചവരിൽ രോഗം അതിവേഗം ഗുരുതരമായി മാറി മരണം സംഭവിക്കുന്നതായി കാണുമ്പോൾ, അക്കാന്തമീബ പോലുള്ളവ ബാധിക്കുമ്പോൾ ചികിത്സ താരതമ്യേന കൂടുതൽ ഫലപ്രദമാകുന്നതായി വിദഗ്ധർ വിശദീകരിക്കുന്നു.
മഴ കുറയുകയും ചൂട് വർദ്ധിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യം രോഗാണുക്കൾ പെരുകാൻ അനുകൂലമായതിനാൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. മലിനമായതോ മഴവെള്ളം ഒഴുകിയെത്തി മലിനമാക്കപ്പെട്ടതോ ആയ ജലാശയങ്ങളിൽ ഇറങ്ങരുതെന്നും പൊതുജലാശയങ്ങളിൽ കുളിക്കുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് ഓർമ്മിപ്പിക്കുന്നു.
മലപ്പുറം കാടാമ്പുഴയിൽ കഴിഞ്ഞ മാസം ഒരു യുവാവ് മരണപ്പെടുകയും ഒരു കുട്ടി നിലവിൽ ചികിത്സയിൽ തുടരുകയും ചെയ്യുന്നുണ്ട്. കുട്ടിയെ ബാധിച്ചത് അക്കാന്തമീബയാണെന്നാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.
നിലവിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുക്കുളങ്ങൾ കൃത്യമായി ശുചീകരിക്കണമെന്നും കിണറുകളിൽ ക്ലോറിനേഷൻ നിർബന്ധമായും ഉറപ്പാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

