ഉക്രെയ്നിൽ സുപ്രധാന സുരക്ഷാ ചർച്ചകളിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള ഉന്നത യൂറോപ്യൻ നേതാക്കൾ. ഞായറാഴ്ച ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ നിന്നും വാഴ്സായിലേക്ക് യാത്ര ചെയ്യുകയായിരുന്ന പാസഞ്ചർ ട്രെയിനിനെ ലക്ഷ്യമിട്ടായിരുന്നു പോളിഷ് അതിർത്തിക്ക് സമീപം റഷ്യൻ ഡ്രോൺ ആക്രമണം അരങ്ങേറിയത്.
ഈ പാസഞ്ചർ ട്രെയിനിന് തൊട്ടടുത്തുള്ള മറ്റൊരു ചാർട്ടേഡ് ട്രെയിനിലായിരുന്നു ബോറിസ് ജോൺസണും സ്വീഡന്റെ മുൻ പ്രധാനമന്ത്രി കാൾ ബിൽറ്റ് അടക്കമുള്ള പ്രമുഖ വ്യക്തികളും സഞ്ചരിച്ചിരുന്നത്. ആക്രമണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ ഉക്രെയ്ൻ അധികൃതർ ബോറിസ് ജോൺസനെയും കാൾ ബിൽറ്റിനെയും മറ്റ് പ്രമുഖ നേതാക്കളെയും സുരക്ഷിതമായി സംഭവസ്ഥലത്തു നിന്നും ഒഴിപ്പിക്കുകയായിരുന്നു.
കീവിൽ നടന്ന നിർണായക സുരക്ഷാ യോഗത്തിൽ സംബന്ധിച്ച ശേഷമാണ് നേതാക്കൾ പോളണ്ടിലേക്ക് തിരിച്ചത്. ഡ്രോൺ ആക്രമണം ഉണ്ടായെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഞായർ പുലർച്ചെ 5 മണിക്ക് ട്രെയിൻ സർവീസ് നിർത്തിവെച്ചതായി വിദേശ മാധ്യമങ്ങൾ വ്യക്തമാക്കി.
തുടർന്ന് യാത്രക്കാരെയും നേതാക്കളെയും അടിയന്തരമായി മാറ്റിപ്പാർപ്പിക്കുകയായിരുന്നു. ബോറിസും സംഘവും സഞ്ചരിച്ചിരുന്ന ചാർട്ടേഡ് ട്രെയിൻ കടന്നുപോയി നിമിഷങ്ങൾക്കകമാണ് തൊട്ടടുത്ത പാസഞ്ചർ ട്രെയിനിന് നേരെ ആക്രമണം ഉണ്ടായത്.
ഈ വിവരം കാൾ ബിൽറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഞങ്ങൾ സഞ്ചരിച്ച ട്രെയിനിനുനേരെയല്ല ആക്രമണമുണ്ടായത്.
എന്നാൽ ഞങ്ങൾ പോളിഷ് അതിർത്തി കടന്നതിനുശേഷം തൊട്ടുപിന്നാലെയുണ്ടായ ട്രെയിനിലാണ് ആക്രമണം നടന്നത്. ഉടൻതന്നെ ട്രെയിനിൽനിന്ന് എല്ലാവരെയും ഒഴിപ്പിച്ചു.
ആർക്കും പരിക്കില്ല. നല്ല സുരക്ഷാ സംവിധാനമാണിത്.’–ബിൽറ്റ് എക്സിൽ കുറിച്ചു.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബോറിസ് ജോൺസൺ രംഗത്തെത്തി. തികച്ചും ബുദ്ധിഹീനമായ ആക്രമണമാണ് റഷ്യയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് അദ്ദേഹം എക്സിൽ രൂക്ഷമായി വിമർശിച്ചു.
ഇതുവരെ ഉക്രെയ്ൻ റെയിൽവേയിലെ 1,700 ജീവനക്കാരാണ് റഷ്യൻ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഉക്രെയ്നിലെ ട്രെയിനിനുനേരെ ഇത്തരം ആക്രമണങ്ങൾ നടത്താൻ റഷ്യൻ പ്രസിഡന്റ് പുട്ടിനെ എന്ത് വക്രബുദ്ധിയാണ് പ്രേരിപ്പിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

