തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ രംഗത്തെ പ്രവണതകൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻ നായർ വീണ്ടും രംഗത്ത്. രാജ്യത്തെ ബഹിരാകാശ വിപണിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കണക്കുകൾ ഊതിപ്പെരുപ്പിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തിലെ യാഥാർത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ ബന്ധപ്പെട്ട അധികാരികൾക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ബഹിരാകാശ സമ്പദ്വ്യവസ്ഥയുടെ മൂല്യം നിലവിൽ എട്ട് ബില്യൺ ഡോളറിലധികമാണെന്നും, അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇത് 40 ബില്യൺ ഡോളറായി ഉയരുമെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ ഈ അവകാശവാദത്തെയാണ് മുൻ ഐഎസ്ആർഒ മേധാവി ചോദ്യം ചെയ്തിരിക്കുന്നത്.
ബഹിരാകാശ മേഖലയിൽ സ്റ്റാർട്ടപ്പ് വിപ്ലവമെന്ന തെറ്റായ പ്രതിച്ഛായയാണ് ഇപ്പോൾ സൃഷ്ടിക്കപ്പെടുന്നതെന്ന് ജി മാധവൻ നായർ കുറ്റപ്പെടുത്തി. രണ്ട് വർഷം മുൻപ് തന്നെ ഇന്ത്യൻ ബഹിരാകാശ വിപണി എട്ട് ബില്യൺ ഡോളറിലധികമാണെന്ന് അവകാശപ്പെടുമ്പോൾ, അന്താരാഷ്ട്ര സർവേ റിപ്പോർട്ടുകൾ നൽകുന്ന കണക്കുകൾ രണ്ട് ബില്യൺ ഡോളറിന് താഴെയാണെന്ന് വ്യക്തമാക്കുന്നു.
ഈ വലിയ അന്തരത്തിന് പിന്നിലെ കാരണം സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എൻസിൽ (NCIL) മേധാവിയുടെ നിയമനം വൈകുന്നതിന് പിന്നിൽ ബാഹ്യമായ അനാവശ്യ ഇടപെടലുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പുറത്തുനിന്നുള്ള ഇത്തരം ഇടപെടലുകളിൽ നിന്ന് വകുപ്പിനെ സംരക്ഷിക്കാൻ നിലവിലെ ചെയർമാന്റെ ഭാഗത്തുനിന്ന് കർശന നടപടികൾ ഉണ്ടാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും നിരീക്ഷണ ആവശ്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ ഐഎസ്ആർഒ നേരത്തെ തന്നെ ഉപഗ്രഹങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നും, പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി പ്രതിരോധിക്കാൻ ആവശ്യമായ ഡാറ്റ കൃത്യമായി വിശകലനം ചെയ്യുന്നതിൽ വീഴ്ചയുണ്ടാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വിക്ഷേപണ കേന്ദ്രങ്ങളുടെ നടത്തിപ്പ് അടക്കമുള്ളവ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള തീരുമാനം മണ്ടത്തരമാണെന്ന് ആവർത്തിച്ച അദ്ദേഹം, ഐഎസ്ആർഒയ്ക്ക് പകരമാകാൻ ഒരു സ്വകാര്യ കമ്പനികൾക്കും സാധിക്കില്ലെന്നും വ്യക്തമാക്കി. ഇൻസ്പേസിന്റെ (IN-SPACe) പ്രവർത്തന രീതികളെയും അദ്ദേഹം ശക്തമായി വിമർശിച്ചു.
സ്വകാര്യ റോക്കറ്റുകളെ ഐഎസ്ആർഒയുടെ റോക്കറ്റുകളുമായി താരതമ്യം ചെയ്യാൻ സാധിക്കില്ലെന്നും, അവ തമ്മിൽ വലിയ അന്തരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഎസ്ആർഒയിലെ നിലവിലുള്ള ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തണമെന്നും ജി മാധവൻ നായർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

