അടിമാലിയിൽ കളിചിരികളോടെ കഴിഞ്ഞിരുന്ന ഇരട്ടക്കുട്ടികളുടെ ദാരുണമായ മരണം നാടിനെ കണ്ണീരിലാഴ്ത്തി. ഇഹാൻ, റിഹാൻ എന്നിവരാണ് മൂത്ത സഹോദരൻ മൂന്നുവയസ്സുകാരനായ അഹിലിനൊപ്പം കളിച്ചു കൊണ്ടിരിക്കെ അപകടത്തിൽ പെട്ടത്.
നിനച്ചിരിക്കാത്ത സമയത്ത് പിഞ്ചോമനകൾ നിലത്തുവീണുകിടന്ന കീടനാശിനി അറിയാതെ നാവിൽ തൊടുകയായിരുന്നു. തുടർന്ന് ഇഹാന്റെ ശരീരത്തിൽ വിഷം ഉള്ളിൽ ചെന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി.
കുട്ടികളുടെ അസ്വസ്ഥത വർധിച്ചതിനെ തുടർന്ന് മാതാപിതാക്കളായ അഫ്സലും ഭാര്യ സാന്ദ്രയും വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് അടുക്കളയുടെ ബർത്തിൽ നിന്ന് തറയിലേക്ക് വീണുകിടക്കുന്ന കീടനാശിനി ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയാണ് വിഷം ഉള്ളിൽ ചെന്ന് ഇരട്ടക്കുട്ടികൾ മരിച്ചത്.
വിവരം പുറത്തുവന്നതിന് പിന്നാലെ ജില്ലാ പൊലീസ് മേധാവി ഡോ. എ.നസീമിന്റെ നിർദേശപ്രകാരം അടിമാലി സിഐ സിദ്ദിഖ് അബൂബക്കർ, എസ്ഐമാരായ അജീഷ് കെ, ജോൺ, അബ്ബാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി തന്നെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.
ഇന്നലെ രാവിലെ ഇടുക്കി ഡിവൈഎസ്പി മോഹൻദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീണ്ടും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. കുട്ടികളുടെ മരണത്തിൽ യാതൊരുവിധ ദുരൂഹതയുമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇടുക്കിയിൽ നിന്ന് എത്തിയ ഫൊറൻസിക് വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധനകൾ നടത്തിയിട്ടുണ്ട്. മാരക കീടനാശിനിയായ സെൽക്രോൺ ആണ് കുട്ടികളുടെ ജീവൻ അപഹരിച്ചത്.
വെറും രണ്ട് മാസം മുൻപാണ് കുടുംബം ഈ വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. ഇവർക്ക് മുൻപ് ഇവിടെ താമസിച്ചിരുന്നവരാകാം കീടനാശിനി വാങ്ങി സൂക്ഷിച്ചതെന്നാണ് കരുതുന്നത്.
കാലപ്പഴക്കം കാരണം ടിന്നിന്റെ തകിട് ദ്രവിച്ച് കീടനാശിനി പുറത്തേക്ക് ഒഴുകുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

