പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ടിരിക്കുന്ന അതിശക്തമായ എൽനിനോ പ്രതിഭാസം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വർധിപ്പിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ വരുന്ന ഡിസംബർ അവസാനത്തോടെ എൽനിനോ പ്രതിഭാസം ‘വെരി സ്ട്രോങ്’ വിഭാഗത്തിലേക്ക് മാറാൻ 90 ശതമാനത്തിലധികം സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
അമേരിക്കൻ കാലാവസ്ഥാ ഏജൻസിയായ എൻഒഎഎയുടെ (നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അടുത്ത ഫെബ്രുവരി മാസം വരെ ഈ പ്രതിഭാസം തുടർന്നേക്കാം. സൂപ്പർ എൽനിനോ എന്നും ഗോഡ്സില്ല എൽനിനോ എന്നും അനൗദ്യോഗിക വിശേഷണങ്ങൾ ഉണ്ടെങ്കിലും, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതിനെ ‘വെരി സ്ട്രോങ് എൽനിനോ’ എന്നാണ് ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്.
പസിഫിക് സമുദ്രത്തിന്റെ മധ്യ-കിഴക്കൻ ഭാഗങ്ങളിലുണ്ടായ അസാധാരണമായ താപനില വർധനവാണ് ഇതിന് പ്രധാന കാരണം. സെപ്റ്റംബർ 10 വരെയുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, കിഴക്കൻ ഭൂമധ്യരേഖാ പസിഫിക്കിൽ സമുദ്രതാപനില 3 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിട്ടുണ്ട്.
സമുദ്രത്തിന്റെ അടിത്തട്ടിൽ രേഖപ്പെടുത്തിയ ഈ ഉയർന്ന ചൂട് നവംബർ, ഡിസംബർ മാസങ്ങളിൽ അന്തരീക്ഷ താപനില വീണ്ടും ഉയരാൻ ഇടയാക്കും. ഈ ശക്തമായ എൽനിനോ പ്രതിഭാസം രാജ്യത്തെ വേനൽമഴയെയും കാര്യമായി ബാധിച്ചേക്കാം.
ഇതിനോടകം തന്നെ ദുർബലമായ മൺസൂൺ കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സെപ്റ്റംബർ 10 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ലഭിക്കേണ്ട
മഴയിൽ 15 ശതമാനത്തിലധികം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിനും ആശങ്ക എൽനിനോയുടെ പ്രത്യാഘാതങ്ങൾ കേരളത്തിന്റെ കാലാവസ്ഥാ സ്വഭാവത്തിലും താപനിലയിലും ഇതിനകം തന്നെ പ്രകടമായിട്ടുണ്ട്.
വരുംമാസങ്ങളിൽ സംസ്ഥാനത്ത് താപനില പതിവിലും ഉയർന്ന നിലയിൽ തുടരാനാണ് സാധ്യത. തുലാവർഷം സാധാരണ നിലയിൽ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും, ഇത്തവണ തണുപ്പുകാലം പ്രതീക്ഷിച്ചതുപോലെ അനുഭവപ്പെടുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
എൽനിനോയ്ക്കൊപ്പം മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനങ്ങളും കൂടി ഒരേസമയം സംഭവിക്കുന്നത് ഈ വർഷാവസാനത്തിലും 2027ന്റെ തുടക്കത്തിലും വലിയ തോതിലുള്ള ഉഷ്ണതരംഗങ്ങൾക്കും അസാധാരണ ചൂടിനും കാരണമായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

