ജനവിശ്വാസം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി സംഘടനയെ അടിമുടി ഉടച്ചുവെയ്ക്കാനുളള ലക്ഷ്യത്തോടെയുള്ള നിർണായകമായ സി.പി.എം സംസ്ഥാന സമിതി യോഗത്തിന് തുടക്കമായി. എന്നാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിഷയങ്ങൾ ചർച്ചകളിൽ മുൻപന്തിയിലെത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ഭരണതലത്തിലും സംഘടനാതലത്തിലുമുള്ള വീഴ്ചകൾ യോഗത്തിൽ എത്രത്തോളം ചർച്ചയാകുമെന്നതിലും, നേതാക്കൾക്കെതിരെ വിമർശനങ്ങൾ ഉയർന്നേക്കാമെന്നതിലുമുള്ള ആശങ്കകൾ പാർട്ടിയിൽ നിലനിൽക്കുന്നുണ്ട്. വേട്ട
തനിക്കെതിരെയല്ലെന്നും പ്രസ്ഥാനത്തിനെതിരെയാണെന്നും പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞതിന് അർഥം തനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങൾ പ്രതിരോധിക്കേണ്ട ചുമതല പാർട്ടിക്കാണെന്നാണ്.
യോഗത്തിന്റെ തലേദിവസം തന്നെ വ്യക്തിപരമായ വിമർശനങ്ങൾക്കെതിരെ തുറന്നടിച്ചുകൊണ്ട് നേതൃത്വം പ്രതിരോധം ശക്തമാക്കിയിരുന്നു. ഇത് യോഗത്തിൽ ഉയർന്നേക്കാവുന്ന ചോദ്യങ്ങളുടെ തീവ്രത കുറയ്ക്കുന്നതിന്റെ ഭാഗം കൂടിയാണ്.
പാർട്ടിയിൽ തെറ്റുതിരുത്തൽ നടപടികൾ കർശനമായി നടപ്പാക്കണമെന്ന ആവശ്യത്തിന് മുൻഗണന ലഭിക്കുമോ, അതോ പിണറായി വിജയനെയും പി.എ.മുഹമ്മദ് റിയാസിനെയും നേരിടുന്നതിനെതിരെ അണികളെ മുഴുവൻ അണിനിരത്തണമെന്ന നിലപാട് വരുമോ എന്നതാണ് യോഗം ഉറ്റുനോക്കുന്ന പ്രധാന കാര്യം. വ്യക്തിപരമായ വിമർശനങ്ങൾ ഒഴിവാക്കണമെന്നും സംഘടനയെ ശക്തിപ്പെടുത്താനുള്ള നിർദ്ദേശങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നുമാണ് നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാട്.
കേന്ദ്ര നേതാക്കളുടെ പങ്കാളിത്തവും പോളിറ്റ്ബ്യൂറോയുടെ നിലപാടും യോഗത്തിന്റെ ഗതിയെ നിയന്ത്രിക്കുന്നതിൽ നിർണായകമാകും. ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ നേതൃത്വത്തിലുള്ള 9 അംഗ സംഘമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിമർശനങ്ങൾ യോഗത്തിലും ആവർത്തിക്കപ്പെടാനുള്ള സാധ്യതയുണ്ട്. പാർലമെന്ററി പദവികളോടുള്ള അമിത താല്പര്യം തിരുത്തപ്പെടണമെന്നാണ് സംസ്ഥാന സെക്രട്ടറി അവതരിപ്പിക്കുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
സഹകരണ മേഖലയിലെ പാളിച്ചകളും തിരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള ജനറൽ ബോഡി യോഗങ്ങളിൽ അംഗങ്ങൾ വിട്ടുനിന്നതും ഗൗരവത്തോടെ കാണേണ്ടതുണ്ട്. പാർട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള കരട് രേഖ ചർച്ച ചെയ്ത് നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

