തൃശൂർ: ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിയ സംഭവത്തിൽ രണ്ടുപേരെ കൂടി വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. പഴുവിൽ കുറുമ്പിലാവ് വില്ലേജ് കോട്ടം സ്വദേശി കളരിക്കൽ വീട്ടിൽ ശരത് കുമാർ (33), ഇരിങ്ങാലക്കുട
മാപ്രാണം മാടായിക്കോണം സ്വദേശി അമ്പാട്ട് വീട്ടിൽ വൈശാഖ് (32) എന്നിവരാണ് പിടിയിലായത്. തൃപ്രയാറിലെ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതിയെ കഴിഞ്ഞ മാർച്ച് 23-ന് കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടിൽ നിന്നും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും വലപ്പാട് പൊലീസും ചേർന്ന് പിടികൂടിയിരുന്നു.
പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശീലക്ഷ്മി (30) ആണ് 2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ, മയക്കുമരുന്ന് വിൽപന നടത്തി അനധികൃതമായി സമ്പാദിച്ച 90,500 രൂപ, ഹാഷിഷ് ഓയിൽ ചില്ലറ വിൽപന നടത്തുന്നതിനായി ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകൾ എന്നിവ സഹിതം അന്ന് അറസ്റ്റിലായത്. ഈ കേസിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് ശീലക്ഷ്മിക്ക് ഹാഷിഷ് ഓയിൽ എത്തിച്ച് നൽകിയിരുന്നത് ശരത് കുമാർ ആണെന്നും, ശരത് കുമാറിനും ചില ദിവസങ്ങളിൽശീലക്ഷ്മിക്കും ഹാഷിഷ് ഓയിൽ എത്തിച്ച് നൽകിയിരുന്നത് വൈശാഖ് ആണെന്നും കണ്ടെത്തിയത്.
തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. വലപ്പാട് പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പദ്മരാജൻ, എസ്.ഐ.മൗഷമി, എസ്.ഐ.അമൽദേവ്, എസ്.ഐ ഉണ്ണി, സി.പി.ഒ അഖിൽ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

