പത്തനംതിട്ട നഗരത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ഓട
നിർമാണത്തിൽ ഗുരുതര വീഴ്ച. അബാൻ ജംക്ഷൻ മുതൽ സെൻട്രൽ ജംക്ഷൻ വരെയുള്ള ഭാഗത്തുള്ള ഓട
നിർമാണത്തിനിടയിലാണ് നടുവിലായി നിലകൊണ്ട വൈദ്യുത തൂൺ മാറ്റാതെ കോൺക്രീറ്റ് ചെയ്ത് മൂടിയത്.
നിർമാണ പ്രവർത്തനങ്ങളുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഈ വൈദ്യുത തൂൺ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ വ്യാപാരികൾ രംഗത്ത് എത്തിയിരുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നഗരസഭ ഉപാധ്യക്ഷൻ എ.സഗീർ പൊതുമരാമത്ത് അധികൃതരുമായി നേരിട്ട് സംസാരിക്കുകയും തൂൺ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ ഈ നിർദേശങ്ങൾ തള്ളിക്കളഞ്ഞ അധികൃതർ, തൂൺ ഓടയ്ക്കുള്ളിൽ തന്നെ നിലനിർത്തി മേൽമൂടി സ്ഥാപിച്ച് നിർമാണം പൂർത്തിയാക്കുകയാണുണ്ടായത്. ശക്തമായ മഴ പെയ്യുമ്പോൾ പ്രദേശത്തെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് പതിവായിരുന്നു.
ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓട നിർമിച്ചത്.
എന്നാൽ ഓടയുടെ മധ്യഭാഗത്തായി വൈദ്യുത തൂൺ സ്ഥിതി ചെയ്യുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. മഴക്കാലത്ത് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കരിയിലകളും കടലാസുകളും ഈ തൂണിൽ തടഞ്ഞുനിന്ന് നീരൊഴുക്ക് പൂർണ്ണമായി തടസ്സപ്പെടാൻ സാധ്യതയുണ്ട്.
ഇത് മൂലം ഓടയിൽ വെള്ളം നിറഞ്ഞ് വീണ്ടും വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം ഇരച്ചുകയറാനും റോഡുകളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടാനും ഇടയാക്കുമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രധാന പരാതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

