മൂന്നാർ എംജി നഗറിൽ കോടികൾ ചെലവഴിച്ച് നിർമ്മിച്ച ലേബർ ഓഫിസ് കോംപ്ലക്സ് കെട്ടിടം യാതൊരുവിധ പ്രവർത്തനവുമില്ലാതെ കാടുകയറി നശിക്കുന്നതായി റിപ്പോർട്ട്. തൊഴിൽ വകുപ്പിന് കീഴിൽ വർഷങ്ങളായി വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന വിവിധ ഓഫിസുകൾ ഒരുകുടക്കീഴിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വർഷം പിന്നിടുമ്പോഴും കെട്ടിടം നോക്കുകുത്തിയായി തുടരുകയാണ്. നിലവിൽ സാമൂഹിക വിരുദ്ധരുടെയും കന്നുകാലികളുടെയും തെരുവുനായ്ക്കളുടെയും പ്രധാന വിശ്രമകേന്ദ്രമായി ഈ പൊതുമുതൽ മാറിയിരിക്കുകയാണ്.
2.5 കോടി രൂപ ചെലവിലാണ് മൂന്നാർ എംജി നഗറിൽ രണ്ടു നിലകളിലായി ഈ ലേബർ കോംപ്ലക്സ് പണിപൂർത്തിയാക്കിയത്. 2024 ഒക്ടോബർ 21നാണ് മന്ത്രി വി.ശിവൻകുട്ടി ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
ഡപ്യൂട്ടി ലേബർ ഓഫിസ്, അസിസ്റ്റന്റ് ലേബർ ഓഫിസ്, ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് ഓഫിസ് എന്നിവയായിരുന്നു ഈ പുതിയ സമുച്ചയത്തിലേക്ക് മാറ്റാൻ ലക്ഷ്യമിട്ടിരുന്നത്. തോട്ടം മേഖലയായ മൂന്നാറിൽ പതിറ്റാണ്ടുകളായി പഴയ മൂന്നാർ മൂലക്കടയ്ക്ക് സമീപമുള്ള വിവിധ സ്വകാര്യ കെട്ടിടങ്ങളിലാണ് ഈ ഓഫിസുകൾ പ്രവർത്തിക്കുന്നത്.
എന്നാൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന് ചുറ്റുമതിൽ ഇല്ലാത്തതും ആവശ്യത്തിന് ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ കഴിയാത്തതുമാണ് ഓഫിസുകളുടെ പ്രവർത്തനം ആരംഭിക്കുന്നതിന് പ്രധാന തടസ്സമായി തൊഴിൽ വകുപ്പ് അധികൃതർ വിശദീകരിക്കുന്നത്. പകൽ സമയങ്ങളിൽ പോലും ആവശ്യമായ സുരക്ഷ ഇല്ലാത്ത ഈ സമുച്ചയം സന്ധ്യയാകുന്നതോടെ പൂർണ്ണമായും സാമൂഹിക വിരുദ്ധരുടെ പിടിയിലമരുന്നതായാണ് നാട്ടുകാരുടെ പരാതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

