സംസ്ഥാനത്തെ സർക്കാർ ഓഫീസുകളെ പൂർണ്ണമായും വയോജന സൗഹൃദമാക്കി മാറ്റുന്നതിന്റെ ഭാഗമായി വയോജന ക്ഷേമ വകുപ്പ് പുതിയ പദ്ധതിക്ക് രൂപം നൽകി. രാജ്യത്ത് ആദ്യമായാണ് സർക്കാർ ഓഫീസുകൾക്കായി ഇത്തരത്തിലുള്ള ഒരു സമഗ്ര സർട്ടിഫിക്കേഷൻ സംവിധാനം നിലവിൽ വരുന്നത്.
വില്ലേജ്, താലൂക്ക് ഓഫീസുകൾക്ക് പുറമെ ആശുപത്രികൾ, ബാങ്കുകൾ, ഗതാഗത കൗണ്ടറുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ഈ പദ്ധതി ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാണ് തീരുമാനം. പൊതുവായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക പരിശോധനകൾ നടത്തി ഓഫീസുകൾക്ക് ഗോൾഡ്, സിൽവർ, ബ്രോൺസ് വിഭാഗങ്ങളിലായാണ് സർട്ടിഫിക്കറ്റുകൾ നൽകുക.
നിശ്ചിത കാലാവധിക്ക് ശേഷം ഈ സർട്ടിഫിക്കേഷനുകൾ പുതുക്കേണ്ടതുണ്ട്. കൂടാതെ, സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഓഫീസുകളിൽ മുന്നറിയിപ്പില്ലാതെ പരിശോധനകൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവുമധികം മുതിർന്ന പൗരന്മാരുള്ള പ്രധാന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ വരും വർഷങ്ങളിൽ വയോജനങ്ങളുടെ എണ്ണം വർധിക്കുമെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. സർക്കാർ ഓഫീസുകളിലെത്തുന്ന മുതിർന്ന പൗരന്മാർ നേരിടുന്ന നീണ്ട
ക്യൂ, പടികൾ മാത്രമുള്ള പ്രവേശന സംവിധാനങ്ങൾ, ചെറു അക്ഷരങ്ങളിലുള്ള ഫോമുകൾ തുടങ്ങിയ വിവിധ പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം കാണുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അഞ്ച് പ്രധാന മേഖലകളിലായാണ് ഓഫീസുകളുടെ പ്രകടനം വിലയിരുത്തുക.
ഇതിനായി കെട്ടിടത്തിന്റെ പ്രവേശനക്ഷമതയ്ക്ക് 30 ശതമാനവും, സേവനരീതിക്ക് 25 ശതമാനവും, ജീവനക്കാരുടെ പരിശീലനത്തിനും പെരുമാറ്റത്തിനും 20 ശതമാനവും, വിവരവിനിമയത്തിന് 15 ശതമാനവും, ജനപങ്കാളിത്തത്തിന് 10 ശതമാനവും വീതം സ്കോർ നിശ്ചയിച്ചിട്ടുണ്ട്. പടികളില്ലാത്ത പ്രവേശനം, താഴത്തെ നിലയിൽ ശൗചാലയം, മുതിർന്നവർക്കായി പ്രത്യേക മുൻഗണനാ ക്യൂ, ഇവരുടെ ആവശ്യങ്ങൾക്കായി പ്രത്യേകം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ തുടങ്ങിയവ നിർബന്ധിത മാനദണ്ഡങ്ങളാണ്.
ഇവയിലേതെങ്കിലും ഒന്നുമാത്രം ഇല്ലെങ്കിൽ മൊത്തം സ്കോർ എത്ര ലഭിച്ചാലും സർട്ടിഫിക്കേഷന് അർഹതയുണ്ടാകില്ല. 85 ശതമാനത്തിന് മുകളിൽ ആകെ സ്കോറും ഓരോ മേഖലയിലും കുറഞ്ഞത് 60 ശതമാനം സ്കോറും നേടുന്ന ഓഫീസുകൾക്ക് അഞ്ചു വർഷത്തേക്ക് ഗോൾഡ് സർട്ടിഫിക്കറ്റ് ലഭിക്കും.
70 മുതൽ 84 ശതമാനം വരെ സ്കോർ നേടുന്നവർക്ക് അഞ്ചു വർഷത്തേക്ക് സിൽവർ സർട്ടിഫിക്കറ്റും, 60 മുതൽ 69 ശതമാനം വരെ സ്കോർ നേടുന്നവർക്ക് രണ്ടു വർഷ കാലാവധിയുള്ള താൽക്കാലിക ബ്രോൺസ് സർട്ടിഫിക്കറ്റും നൽകും. തുടർന്ന് പുനഃപരിശോധന നടത്തിയ ശേഷമേ ബ്രോൺസ് സർട്ടിഫിക്കറ്റ് സ്ഥിരീകരിക്കുകയുള്ളൂ.
സർട്ടിഫിക്കറ്റുള്ള ഓഫീസുകളിൽ പത്തു ശതമാനത്തിലും ഓരോ വർഷവും അപ്രതീക്ഷിത പരിശോധനകൾ നടപ്പിലാക്കും. ബന്ധപ്പെട്ട
ഓഫീസുകളുമായി യാതൊരുവിധ ബന്ധവുമില്ലാത്ത, എംപാനൽ ചെയ്ത സ്വതന്ത്ര ഏജൻസികളാണ് ഓഫീസുകൾ സന്ദർശിച്ച് സ്കോർ നിർണയിക്കുന്നത്. വയോജന വകുപ്പിന് കീഴിലുള്ള നോഡൽ സെല്ലാണ് ഇതിന്റെ രജിസ്ട്രി കൈകാര്യം ചെയ്യുന്നത്.
മാനദണ്ഡങ്ങൾക്ക് അംഗീകാരം നൽകുന്നതും ഗോൾഡ് പുരസ്കാരങ്ങൾ നിർണയിക്കുന്നതും സംസ്ഥാനതല സ്റ്റിയറിംഗ് കമ്മിറ്റിയാണ്. യുഎഇയിലെ ഷാർജയിലുള്ള വയോജനസൗഹൃദ മാതൃക, ലോകാരോഗ്യ സംഘടനയുടെ ഏജ്-ഫ്രണ്ട്ലി സിറ്റീസ് ശൃംഖല, അമേരിക്കയിലെ സർട്ടിഫൈഡ് ഏജ്-ഫ്രണ്ട്ലി എംപ്ലോയർ പദ്ധതി എന്നിവയാണ് ഈ പദ്ധതിക്ക് മാതൃകയായി സ്വീകരിച്ചിരിക്കുന്നത്.
2021-ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം പുറത്തിറക്കിയ ദേശീയ മാർഗരേഖ അനുസരിച്ചാണ് റാംപ്, സൈൻ ബോർഡ്, ശൗചാലയം തുടങ്ങിയവയുടെ സാങ്കേതിക മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. പദ്ധതിയുടെ പ്രാരംഭ നടപടികളുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ മാനദണ്ഡങ്ങൾ അന്തിമമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ഏജൻസികളെ എംപാനൽ ചെയ്യുകയും ചെയ്യും.
തുടർന്ന് വരുന്ന ആറു മാസത്തിനുള്ളിൽ ഓരോ ജില്ലയിലും ഒരു ഓഫീസ് വീതം ആകെ 14 ഓഫീസുകൾ പൈലറ്റായി തിരഞ്ഞെടുക്കും. രണ്ടാം വർഷം വില്ലേജ്, താലൂക്ക്, കളക്ടറേറ്റ് ഓഫീസുകൾ, ട്രഷറികൾ, ആർ.ടി.ഒകൾ, സർക്കാർ ആശുപത്രികൾ എന്നിവയിലൂടെ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.
മൂന്നാം വർഷം മുതൽ മറ്റ് ഓഫീസുകളിലേക്കും പദ്ധതി നീളും. പണമടച്ച് സ്വമേധയാ പദ്ധതിയിൽ പങ്കാളികളാകാൻ താൽപ്പര്യമുള്ള സ്വകാര്യ ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, ഫാർമസികൾ തുടങ്ങിയ സ്ഥാപനങ്ങൾക്കും ഈ സർട്ടിഫിക്കേഷനായി അപേക്ഷിക്കാം.
സർട്ടിഫിക്കറ്റ് നേടുന്ന ഓഫീസുകൾക്ക് പ്രത്യേക ഫലകവും ക്യുആർ കോഡുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റും ലഭിക്കും. കൂടാതെ ഇവയുടെ പേരുവിവരങ്ങൾ പൊതു രജിസ്ട്രിയിൽ ഉൾപ്പെടുത്തുകയും ചെയ്യും.
ഗോൾഡ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്ന ഓഫീസുകൾക്ക് സിൽവർ ഇക്കോണമി പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളിൽ മുൻഗണനയും ലഭിക്കുന്നതാണ്. ഏജൻസികളുടെ എംപാനൽമെന്റ് നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഈ സാമ്പത്തിക വർഷം തന്നെ പൈലറ്റ് ഘട്ടത്തിന് തുടക്കമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

