വിതുര ∙ പൊന്മുടി സംസ്ഥാന ഹൈവേയിലെ ആനപ്പാറ ചിറ്റാർ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ, ഈ പാതയിലൂടെയുള്ള ഗതാഗതത്തിന് താൽക്കാലികമായി നിരോധനം ഏർപ്പെടുത്തി. പാലത്തിലെ ടാറിങ് ഉൾപ്പെടെയുള്ള അടിയന്തര പണികൾ പൂർത്തിയാകുന്നതുവരെ ഗതാഗതം പൂർണമായി തടയുമെന്ന് ബന്ധപ്പെട്ട
അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി അധികൃതർ ബദൽ യാത്രാ സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
പൊന്മുടിയിലേക്ക് യാത്ര ചെയ്യുന്നവർ ഹൈവേയിലെ തേവിയോട് ജംക്ഷനിൽ നിന്നും തിരിഞ്ഞ് ബോണക്കാട് റോഡ് വഴി മരുതാമല, പേരയം, മുല്ലച്ചിറ എന്നിവിടങ്ങൾ കടന്ന് തിരികെ ഹൈവേയിലേക്ക് പ്രവേശിക്കേണ്ടതാണ്. മടക്കയാത്രയും ഇതേ പാതയിലൂടെയായിരിക്കും.
അതുപോലെ, പാലോട് ഭാഗത്തുനിന്നും എത്തുന്ന വാഹനയാത്രക്കാർ പെരിങ്ങമ്മല, തെന്നൂർ വഴി കുണ്ടാളംകുഴിയിൽ നിന്നും തിരിഞ്ഞ് മണലി വഴി ആനപ്പാറയിലെത്തി ഹൈവേയിലൂടെ പൊന്മുടിയിലേക്ക് പോകാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യാർത്ഥം തേവിയോട്, മുല്ലച്ചിറ ജംക്ഷനുകളിൽ പ്രത്യേക ട്രാഫിക് സൂചനാ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ബ്രിട്ടീഷ് ഭരണകാലത്ത് 1905-ൽ നിർമിച്ചതായിരുന്നു പൊന്മുടി റോഡിലെ ചരിത്രപ്രസിദ്ധമായ ചിറ്റാർ പാലം. 8.5 മീറ്റർ നീളവും 3.7 മീറ്റർ വീതിയും ഉണ്ടായിരുന്ന ഈ പഴയ ആർച്ച് ബ്രിഡ്ജ് കാലപ്പഴക്കം മൂലം ബലക്ഷയം നേരിടുകയും, ഒരു സമയം ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്ന തരത്തിൽ വീതി കുറഞ്ഞതുമായിരുന്നു.
ഈ സാഹചര്യത്തിലാണ് പഴയ പാലം പൂർണ്ണമായി പൊളിച്ചുപണിതത്. പുതിയ പാലത്തിന്റെ അനുബന്ധ റോഡുകളുടെയും പാലത്തിനു മുകളിലെയും ടാറിങ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

