പത്തനംതിട്ട ജില്ലയിലെ അടൂർ ഹോളിക്രോസ്–ആനന്ദപ്പള്ളി റോഡിൽ ടോറസ് ലോറി വൈദ്യുതി കേബിളിൽ കുരുങ്ങി ഏഴ് വൈദ്യുതി തൂണുകൾ ഒടിഞ്ഞു വീണു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് പ്ലാവിളത്തറ വിളനിലം ഭാഗത്തായിരുന്നു സംഭവം. അടൂർ ഭാഗത്തുനിന്ന് ആനന്ദപ്പള്ളി ഭാഗത്തേക്ക് പോയ ടോറസ് ലോറിയുടെ മുകളിലാണ് വൈദ്യുതി കേബിൾ കുരുങ്ങിയത്.
കേബിൾ കുരുങ്ങി പൊട്ടിയിട്ടും ലോറി നിർത്താതെ പോയതാണ് ഇത്രയധികം തൂണുകൾ ഒടിയാൻ കാരണമെന്ന് നാട്ടുകാർ വ്യക്തമാക്കി. വൈദ്യുതി തൂണുകൾ റോഡിലേക്ക് ഒടിഞ്ഞു വീണ സമയത്ത് വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.
വിവരമറിഞ്ഞ ഉടൻ തന്നെ കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തൂണുകൾ തകർന്നതിനെ തുടർന്ന് വിളനിലം ഭാഗത്തെ ട്രാൻസ്ഫോമറിന്റെ പരിധിയിൽ വൈദ്യുതി വിതരണം നിലച്ചു.
തകർന്ന ലൈനുകളും പോസ്റ്റുകളും പുനഃസ്ഥാപിക്കുന്നതിനുള്ള ജോലികൾ അപ്പപ്പോൾ തന്നെ ആരംഭിച്ചിരുന്നു. സംഭവത്തിൽ ലോറി കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഏഴ് വൈദ്യുതി തൂണുകൾ തകർന്നതുമൂലം ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ഇബി അധികൃതർ കണക്കാക്കിയിരിക്കുന്നത്. അതേസമയം, ഹോളിക്രോസ്–ആനന്ദപ്പള്ളി റോഡിൽ ടിപ്പർ–ടോറസ് ലോറികളുടെ അമിതവേഗം പ്രദേശവാസികളിൽ കനത്ത ഭീതിയാണ് സൃഷ്ടിക്കുന്നത്.
പുലർച്ചെ മുതൽ രാത്രി വൈകി വരെ ഈ റൂട്ടിൽ ലോറികളുടെ ചീറിപ്പാച്ചിലാണ്. പൊലീസിന്റെ ശ്രദ്ധ പതിയാതിരിക്കാനാണ് അമിതഭാരം കയറ്റിയുള്ള വാഹനങ്ങൾ ഇതുവഴി സർവീസ് നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
റൂട്ടിൽ ഹോളിക്രോസ് ആശുപത്രിയും മാർത്തോമ്മാ സ്കൂളും സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും ലോറികളുടെ വേഗതയ്ക്ക് യാതൊരു നിയന്ത്രണവുമില്ല. പാറ ഉൽപന്നങ്ങളുമായി പായുന്ന ഈ വാഹനങ്ങൾ കാരണം കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും ഏറെ പ്രയാസപ്പെടുന്നുണ്ട്.
ഈ പാതയിൽ അടിയന്തരമായി പൊലീസ് പട്രോളിങ് ശക്തമാക്കി അമിതവേഗത്തിൽ എത്തുന്ന ലോറികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

