ബ്രിക്സ് ഉച്ചകോടികളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ര്ളാഡിമിർ പുട്ടിൻ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് ഉച്ചതിരിഞ്ഞ് നടക്കുന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധം, ഊർജം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും.
കഴിഞ്ഞയാഴ്ച ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിയിലും മോദിയും പുട്ടിനും കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രഹ്മോസ് മിസൈൽ നവീകരണമുൾപ്പെടെയുള്ള നിർണായക പ്രതിരോധ പദ്ധതികൾ മോദി–പുട്ടിൻ ചർച്ചയിൽ മുഖ്യവിഷയമാകും.
ബ്രഹ്മോസ് മിസൈലിന്റെ നവീകരണം സംബന്ധിച്ച് ഇന്ത്യയും റഷ്യയും ചർച്ചകൾ നടത്തിവരികയാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് കൈമാറാൻ ബാക്കിയുള്ള എസ്–400 മിസൈൽ പ്രതിരോധ സംവിധാനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാനും എസ്യു–57 യുദ്ധവിമാനങ്ങളുടെ കൈമാറ്റത്തെക്കുറിച്ച് ചർച്ച നടത്താനും റഷ്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളെയും മറ്റന്നാളുമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പുട്ടിന് പുറമെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാമഫോസ, ഇന്തൊനീഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. റഷ്യ–യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യയിലെ സംഘർഷം, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട
തർക്കങ്ങൾ, യുഎസ് ഉയർത്തുന്ന തീരുവ വെല്ലുവിളി എന്നിവയ്ക്കിടയിലാണ് ഇത്തവണത്തെ ഉച്ചകോടി നടക്കുന്നത്. ബിംസ്റ്റെക് കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനത്തുള്ള ബംഗ്ലദേശിനെ ക്ഷണിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി താരിഖ് റഹ്മാൻ എത്തിയേക്കില്ല.
വ്യാപാരം, ഊർജസുരക്ഷ, സാമ്പത്തിക വിഷയങ്ങൾ എന്നിവയും ഉച്ചകോടിയിൽ ചർച്ചയാകും. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് ഇറാനും യുഎഇയും നിലപാട് തുടരുന്ന സാഹചര്യത്തിൽ സംയുക്ത പ്രസ്താവനയുടെ കാര്യത്തിൽ അഭിപ്രായ സമന്വയത്തിലെത്തിയോയെന്നത് വ്യക്തമല്ല.
സൗദിക്കെതിരെയുള്ള ഹൂതി വിമതരുടെ ആക്രമണങ്ങളും ഉച്ചകോടിയിൽ ചർച്ചയായേക്കാം. ഊർജമേഖലയിലും വ്യാപാര ഇടപാടുകളിലും നിലവിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനുള്ള സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
പൊതുവായ കറൻസി, പ്രാദേശിക കറൻസികളുടെ വ്യാപകമായ ഉപയോഗം തുടങ്ങിയ വിഷയങ്ങളും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളുടെ ചർച്ചയിലുണ്ട്. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്നു ബ്രിക്സ് ബിസിനസ് ഫോറം നടക്കും.
തുടർന്നു വരുന്ന രണ്ട് ദിവസങ്ങളിലായി ഉച്ചകോടി ഔദ്യോഗികമായി തുടരും. 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലോകനേതാക്കൾക്കായി പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്.
ഉച്ചകോടിയുടെ ഭാഗമായി വിവിധ രാഷ്ട്രത്തലവന്മാരുമായി മോദി ഉഭയകക്ഷി ചർച്ചകളും നടത്തും. ലോകത്തിന്റെ 36% വിസ്തൃതിയും 40% ആഭ്യന്തര ഉൽപാദനവും 49.5% ജനസംഖ്യയും 26% വാണിജ്യവും ബ്രിക്സ് രാജ്യങ്ങളുടെ കീഴിലാണ്.
ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇറാൻ, യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, ഇത്യോപ്യ, ഇന്തൊനീഷ്യ എന്നിവയാണ് നിലവിലെ അംഗരാജ്യങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

